ഡൽഹി മദ്യനയം: പഞ്ചാബ് വ്യവസായി അറസ്റ്റിൽ
ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പഞ്ചാബ് വ്യവസായി ഗൗതം മൽഹോത്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തെലങ്കാനയിലെ ബി.ആർ.എസ് എം.എൽ.സി കെ കവിതയുടെ മുൻ ഓഡിറ്റർ ആയ ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചി ബാബുവിനെ സി.ബി.ഐയും അറസ്റ്റു ചെയ്‌തു.
മൽഹോത്രയ്‌ക്ക് വടക്കെ ഇന്ത്യയിലെ മദ്യവ്യാപാര ശ്രംഖലയുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈദരാബാദ് സ്വദേശിയായ ബുച്ചി ബാബുവിനെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റു ചെയ്‌തത്.
റദ്ദാക്കിയ ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളിൽ ബാബുവിന് പങ്കുണ്ടെന്നാണ് സി.ബി.ഐ വാദം.കേസുമായി ബന്ധപ്പെട്ട് കെ കവിതയെ ഡിസംബർ 12ന് ഹൈദരാബാദിൽ സി.ബി.ഐ സംഘം ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മദ്യനയം നടപ്പാക്കിയതിലൂടെ നേട്ടമുണ്ടാക്കിയ 'സൗത്ത് ഗ്രൂപ്പിന്റെ' ഭാഗമാണ് കവിതയെന്നും സി.ബി.ഐ പറയുന്നു.