പ്രധാനമന്ത്രി മൗനി ബാബയെന്ന് ഖാർഗെ,​ പ്രതിഷേധവുമായി ഭരണപക്ഷം

Thursday 09 February 2023 2:28 AM IST

ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൗനി ബാബ'യായെന്ന (നിശബ്‌ദ സന്യാസി) പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രസ്‌താവനയെ ചൊല്ലി രാജ്യസഭ ഏറെ നേരം പ്രക്ഷുബ്‌ധമായി. തുടർന്ന് മുതിർന്ന നേതാവായ ഖാർഗെ വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണമെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകർ മുന്നറിയിപ്പ് നൽകി

രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ ഖാർഗെയുടെ വിമർശനം.

വിദ്വേഷം പടർത്തുന്ന ചിലർ പ്രധാനമന്ത്രി തങ്ങൾക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകിയില്ലെങ്കിലോ എന്നു കരുതി മൗനം പാലിക്കാറുണ്ട്. ഇത്തവണ മിണ്ടാതിരിക്കുന്നത് പ്രധാനമന്ത്രിയാണ്. അദ്ദേഹം മൗനി ബാബയായി ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളുടെ സമ്പത്ത് രണ്ടര വർഷത്തിനുള്ളിൽ 12 മടങ്ങ് വർദ്ധിച്ചെന്ന അദാനിയെ പരോക്ഷമായി സൂചിപ്പിച്ച് നടത്തിയ പ്രസ്‌താവനയും പ്രതിഷേധത്തിന് കാരണമായി.

പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി സഭാ നേതാവ് പിയൂഷ് ഗോയലും ധനമന്ത്രി നിർമ്മല സീതാരാമനും പറഞ്ഞു. ബി.ജെ.പി.യുടെ സുശീൽ മോദി ക്രമപ്രശ്‌നം ഉന്നയിച്ചു. ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റതോടെ അദ്ധ്യക്ഷൻ ധൻകർ ഇടപെട്ടു. ഖാർഗെ വളരെ മുതിർന്ന അംഗമാണെന്നും മോശം പദപ്രയോഗങ്ങൾ ഉപയോഗിക്കരുതെന്നും അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. ഏതെങ്കിലും കോണിൽ നിന്നുള്ള റിപ്പോർട്ടുകൾ സഭയിൽ ഉദ്ധരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കോൺഗ്രസ് അംഗങ്ങളും പ്രതികരിച്ചതോടെ സഭ ഏറെ നേരം പ്രക്ഷുബ്ധമായി. ബഹളം തുടർന്നപ്പോൾ നിങ്ങൾ ഇപ്പോൾ എന്നെ ദേശവിരുദ്ധനെന്നാണ് വിളിക്കുന്നത്. ഞാൻ മറ്റാരേക്കാളും ദേശസ്നേഹിയാണ്. ഞാൻ ഒരു ഭൂമിപുത്രനാണ്. ഞാൻ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആളല്ലെന്ന് ഖാർഗെ പ്രതികരിച്ചു.

രാഹുലിന്റെ ആരോപണങ്ങൾ രേഖകളിൽ നിന്ന് നീക്കി

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉയർത്തിയ വിമർശനങ്ങൾ ലോക്‌സഭാ സ്‌പീക്കർ ഒാം ബിർളയുടെ നിർദ്ദേശ പ്രകാരം രേഖയിൽ നിന്ന് നീക്കം ചെയ്‌തു. ഇന്നലെ രാഹുലിന് മറുപടി പറയവെ പരോക്ഷമായ സൂചനകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. അദാനി ബന്ധം അടക്കം ആരോപണങ്ങളെക്കുറിച്ച് പരാമർശിച്ചതുമില്ല. തന്റെ ആരോപണങ്ങളെക്കുറിച്ച് മറുപടി നൽകാതെ പ്രധാനമന്ത്രി ഒളിച്ചോടിയെന്ന് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയ സമയത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തിയിരുന്നു. ആ സമയം രാഹുൽ ഗാന്ധി സഭയിലുണ്ടായിരുന്നില്ല. പ്രസംഗം 40 മിനിട്ട് പിന്നിട്ടശേഷമാണ് രാഹുൽ സഭയിലെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിന്റെ സന്തോഷത്തിൽ ചിലർ ഉറങ്ങുകയായിരിക്കാം എന്ന് രാഹുലിന്റെ അസാന്നിധ്യത്തെ സൂചിപ്പിച്ച് പറഞ്ഞത് ട്രഷറി ബെഞ്ചിൽ ചിരി പടർത്തി. ഭരണപക്ഷം 'മോദി, മോദി' എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾ രാഹുലിന്റെ നേതൃത്വത്തിൽ 'അദാനി അദാനി' എന്ന് വിളിച്ച് പ്രതികരിച്ചു. പ്രധാനമന്ത്രിക്കെതിരെ തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചുവെന്ന്ചൂണ്ടിക്കാട്ടി ബി.ജെ.പി രാഹുൽ ഗാന്ധിക്കെതിരെ ക്രമപ്രശ്‌നമുന്നയിച്ച് ലോക്‌സഭാ സ്‌പീക്കർക്ക് പരാതി നൽകി. അതേസമയം മുംബയ് വിമാനത്താവളം അദാനിക്കു വേണ്ടി തങ്ങളിൽ നിന്ന് ഹൈജാക്ക് ചെയ്‌തെന്ന രാഹുലിന്റെ ആരോപണം ജി.വി.കെ ഗ്രൂപ്പ് നിഷേധിച്ചു. മുൻപ് മുംബയ് വിമാനത്താവളത്തിന്റെ വികസന പങ്കാളിത്തം ജി.വി.കെ ഗ്രൂപ്പിനായിരുന്നു.

Advertisement
Advertisement