ശുപാർശ തിരിച്ചുവിളിച്ച് കൊളീജിയം: ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് ഗുവാഹത്തിക്ക് പകരം പ‌ട്ന

Thursday 09 February 2023 2:51 AM IST

ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്‌ജി കെ. വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന ശുപാർശ സുപ്രീംകോടതി കൊളീജിയം തിരിച്ചുവിളിച്ചു. പകരം പട്ന ഹൈക്കോടതി ചീഫ് ജസ്റ്രിസായി നിയമിക്കാൻ കൊളീജിയം കേന്ദ്രസ‌ർക്കാരിനോട് ശുപാർശ ചെയ്യുകയും ചെയ്തു.

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ കേരള ഹൈക്കോടതിയിലെ ഏറെ അനുഭവപരിചയമുളള മുതിർന്ന ജഡ്‌ജിയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ സുപ്രീംകോടതി കൊളീജിയം വ്യക്തമാക്കി. വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് തീരുമാനിച്ചതിന് പിന്നാലെ ഒട്ടേറെ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരുടെ ഒഴിവുകൾ വന്നു. വിരമിക്കൽ,​ സുപ്രീംകോടതിയിലേക്കുള്ള ചില ജഡ്‌ജിമാരുടെ സ്ഥാനക്കയറ്റം എന്നിവ കാരണമാണ് ഒഴിവുകൾ വന്നത്. ഈ സാഹചര്യങ്ങൾ പരിഗണിച്ച് ശുപാർശ തിരിച്ചുവിളിക്കുകയാണെന്നാണ് കൊളീജിയത്തിന്റെ വിശദീകരണം. പട്ന ഹൈക്കോടതിയിലേക്കാണ് അദ്ദേഹം യോഗ്യനെന്നും കൂട്ടിച്ചേർത്തു.

ജസ്റ്റിസ് വിനോദ് ചന്ദ്രന് പകരം രാജസ്ഥാൻ ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജി സന്ദീപ് മേ‌ഹ‌്തയെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്‌തു. ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് സബീനയെ അവിടെ തന്നെ ചീഫ് ജസ്റ്റിസായി നിയമിക്കാനും കേന്ദ്രത്തിന് ശുപാർശ നൽകി.