കോടതി വളപ്പിൽ പുളളിപ്പുലി, ആറ് പേർക്ക് പരിക്ക്

Thursday 09 February 2023 2:53 AM IST

ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ ഗാസിയാബാദിൽ കോടതിവളപ്പിൽ കടന്നുകയറി പുള്ളിപ്പുലിയുടെ തേർവാഴ്‌ച. പുലിയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. രണ്ടുപേർക്ക് ഗുരുതരമാണ്. നാല് മണിക്കൂറിലേറെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പുള്ളിപ്പുലിയെ രാത്രിയോടെ മയക്കുവെടി വച്ച് കീഴ്പ്പെടുത്തി.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഗാസിയാബാദ് കോടതിയുടെ ഒന്നാം നിലയിൽ പുള്ളിപ്പുലി പ്രത്യക്ഷപ്പെട്ടത്. അഭിഭാഷകരും കക്ഷികളും ജീവനക്കാരും അടക്കം ചിതറിയോടി. പലരും കോടതിമുറികളിൽ അഭയം പ്രാപിച്ചു. കോടതി വളപ്പിൽ ചെരുപ്പുകൾ നന്നാക്കുന്നയാളെയും പൊലീസുകാരനെയും ആക്രമിച്ചു. പുലിയെ കാണാൻ എത്തിയവരെക്കൊണ്ട് കോടതി പരിസരം നിറഞ്ഞു. ഇവരിൽ ചിലർ വടിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചതോടെ പുള്ളിപ്പുലി കൂടുതൽ അക്രമണകാരിയായി. ഇതിനിടെയാണ് ഒട്ടേറെ പേർക്ക് പരിക്കേറ്റത്.

വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് പുളളിപ്പുലിയെ രാത്രിയോടെ മയക്കുവെടി വച്ച് കീഴ്പ്പെടുത്തിയത്. ഡൽഹി-ഉത്തർപ്രദേശ് അതിർത്തികളിലെ വനത്തിൽ പുളളിപ്പുലികൾ സർവസാധാരണമാണ്. പുലി വന്ന വഴി മനസിലാക്കാൻ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ഗാസിയാബാദ് എ.ഡി.എം. അറിയിച്ചു.