കഴുത്തിൽ കേബിൾ കുരുങ്ങി വീണ് ഗുരുതര പരിക്കേറ്റ സംഭവം കേസെടുക്കാതെ പൊലീസ് , നീതികിട്ടാതെ യുവാവ്
ചികിത്സയ്‌ക്കായി ചെലവായത് മൂന്ന് ലക്ഷം രൂപ
തിരുവനന്തപുരം: ആറുമാസം മുമ്പ് തലസ്ഥാനത്ത് കഴുത്തിൽ കേബിൾ കുരുങ്ങിയുണ്ടായ അപകടത്തിൽ മരണത്തിൽ നിന്ന് യുവാവ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട സംഭവത്തിൽ കേസെടുക്കാതെ പൊലീസ്. തലസ്ഥാനത്തെ മാദ്ധ്യമ സ്ഥാപനത്തിൽ ജീവനക്കാരനായ കാസർകോട് കാഞ്ഞങ്ങാട് രാഗം ഹൗസിൽ ഗംഗാധരന്റെ മകൻ കിരണിനോടാണ് പൊലീസിന്റെ നീതി നിഷേധം.
ആഗസ്റ്റ് 21ന് രാത്രി 11.30ഓടെ ജോലികഴിഞ്ഞ് വട്ടിയൂർക്കാവ് വയലിക്കടയിലെ വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ഇടപ്പഴഞ്ഞിക്കു സമീപം മരുതംകുഴി-ആശ്രാമം ലെയിനിലെ റോഡിൽ വച്ചാണ് റോഡിന് കുറുകെ താഴ്ന്നുകിടന്ന കേബിൾ ടി.വിയുടെ കേബിൾ കിരണിന്റെ കഴുത്തിൽ കുരുങ്ങിയത്. റോഡരികിലെ പോസ്റ്റിൽ നിന്ന് എതിർവശത്തെ മൂന്നുവീടുകളിലേക്ക് കണക്‌ഷൻ നൽകിയിരുന്ന കേബിളുകളാണ് വില്ലനായത്. ഹെൽമെറ്റിനും കഴുത്തിനുമിടയിൽ കേബിൾ കുരുങ്ങി ബൈക്കിൽ നിന്ന് തെറിച്ചുവീണ കിരണിന്റെ കഴുത്തിലും കാൽമുട്ടിനുമാണ് ഗുരുതര പരിക്കേറ്റത്. കഴുത്തിൽ കേബിളുകൾ വരിഞ്ഞ മുറിവും വലതുകാൽമുട്ടിന്റെ ചിരട്ടയ്‌ക്ക് പൊട്ടലുമുണ്ടായ കിരൺ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മുട്ടിന് ശസ്ത്രക്രിയ വേണ്ടിവന്ന കിരൺ 56 ദിവസമാണ് മലമൂത്രവിസർജ്ജനത്തിന് പോലും പോകാനാകാതെ കിടപ്പിലായത്.
മൂന്നുമാസത്തെ ഫിസിയോതെറാപ്പിക്കുശേഷം ഇപ്പോൾ നടക്കാൻ ആരംഭിച്ചെങ്കിലും കയറ്റമോ സ്റ്റെപ്പോ കയറാനോ വേഗത്തിൽ നടക്കാനോ കഴിയാതെ ദുരിതത്തിലാണ് കിരൺ. പരിക്കേറ്റ് റോഡിൽ കിടന്ന കിരൺ പൊലീസ് കൺട്രോൾ റൂമിൽ സംഭവം അറിയിച്ചതിനെ തുടർന്ന് മ്യൂസിയം പൊലീസും പൊലീസ് ആംബുലൻസുമെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നുലക്ഷത്തോളം രൂപ ചികിത്സയ്‌ക്കായി ചെലവഴിച്ച കിരൺ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷം സംഭവത്തിൽ കേസെടുക്കുന്നതിനായി മ്യൂസിയം പൊലീസിനെ സമീപിച്ചപ്പോഴാണ് പൊലീസ് നീതിനിഷേധിച്ചത്.
കഴുത്തിൽ കേബിൾ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് തെളിയിക്കാൻ സംഭവസ്ഥലത്ത് സി.സി ടിവി കാമറകളില്ലെന്നും അതിനാൽ അങ്ങനെ കേസെടുക്കാൻ കഴിയില്ലെന്നുമായിരുന്നു മറുപടി. സംഭവത്തിൽ കിരണിന്റെ പരാതി കൈപ്പറ്റി രസീത് നൽകിയതല്ലാതെ ആശുപത്രി രേഖകളിലെയോ മെഡിക്കൽ സർട്ടിഫിക്കറ്റിലെയോ ഡോക്‌ടർമാരുടെ സാക്ഷ്യപ്പെടുത്തലുകളോ വൂണ്ട് സർട്ടിഫിക്കറ്റോ മ്യൂസിയം പൊലീസിന് സ്വീകാര്യമായില്ല. സംഭവ സ്ഥലത്തെത്തിയപ്പോൾ കണ്ട ദൃശ്യങ്ങളെപ്പോലും അവിശ്വസിക്കുന്ന പൊലീസ് കിരണിന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ കേസെടുത്ത് അന്വേഷിക്കാനോ തയ്യാറായില്ല. സ്വകാര്യ കേബിൾ ഓപ്പറേറ്ററുടെ കേബിളാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ശസ്ത്രക്രിയ ആവശ്യമായി വന്ന കിരണിന് നഷ്ടപരിഹാരമോ ഇൻഷ്വറൻസ് സഹായമോ ലഭിക്കാൻ പൊലീസ് കേസുണ്ടായേ മതിയാകൂ.
സംഭവസമയത്ത് ഓടിക്കൂടിയവരുൾപ്പെടെ സാക്ഷികളും മെഡിക്കൽ സർട്ടിഫിക്കറ്റും കഴുത്തിലും കാൽമുട്ടിലും ഇപ്പോഴുമുള്ള പരിക്കുകളുടെ അടയാളങ്ങളുമുണ്ടായിട്ടും പൊലീസിനെന്ത് പറ്റിയെന്നാണ് കിരണിന്റെ സംശയം. കൊലക്കയറായി മാറുന്ന കേബിളുകൾക്കും നീതി നിഷേധത്തിനുമെതിരെ കോടതിയെ സമീപിക്കാനാണ് കിരണിന്റെ ശ്രമം.