75 കാരിയുടെ കുടലിൽ അനിയന്ത്രിതമായ രക്തസ്രാവം; ഉറവിടം കണ്ടെത്തി ഭേദമാക്കി കിംസ് ഹെൽത്ത്
തിരുവനന്തപുരം: കുടലിൽ അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച 75 വയസുകാരിയെ ചികിത്സിച്ച് ഭേദമാക്കി തിരുവനന്തപുരം കിംസ്‌ഹെൽത്ത് ആശുപത്രി. രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ഗുരുതരാവസ്ഥയിലാണ് കിംസ്‌ഹെൽത്തിലെ അത്യാഹിത വിഭാഗത്തിൽ ഇവരെത്തുന്നത്.
എൻഡോസ്‌കോപ്പി, കൊളോനോസ്‌കോപ്പി, ആൻജിയോഗ്രാം, സിടി സ്‌കാൻ പരിശോധനകൾക്ക് വിധേയമായെങ്കിലും ഉറവിടം കണ്ടെത്താനാവാതെ വന്നതോടെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഹാരിഷ് കരീമിന്റെ നേതൃത്വത്തിൽ നടന്ന മോട്ടോറൈസ്ഡ് സ്‌പൈറൽ എന്ററോസ്‌കോപ്പിയിലൂടെയാണ് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്തിയത്.
ചെറുകുടലിൽ അപൂർവമായി കാണുന്ന മെക്കൽസ് ഡൈവർട്ടികുലത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്ന കൺജനിറ്റൽ അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പൊതുവെ കുട്ടികളിൽ മാത്രമാണ് ഇത് കണ്ട് വരുന്നത്. ലോകത്ത് തന്നെ വളരെ കുറച്ച് കേസുകളെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യവതിയായി രോഗി ആശുപത്രി വിട്ടെന്ന് ഡോ. ഹാരിഷ് കരീം പറഞ്ഞു. അതിനൂതന എൻഡോസ്‌കോപ്പിക് പ്രക്രിയയിലൂടെ ചെറുകുടലിലെ രോഗനിർണയം എളുപ്പമായെന്നും ഇന്ത്യയിൽ തന്നെ ചുരുക്കം സെന്ററുകളിൽ മാത്രമാണ് ഈ സൗകര്യമുള്ളതെന്നും ഡോ.ഹാരിഷ് കരീം പറഞ്ഞു. സീനിയർ കൺസൾട്ടന്റുമാരായ ഡോ.മധു ശശിധരൻ, ഡോ.അജിത് കെ.നായർ, അസോസിയേറ്റ് കൺസർട്ടന്റ് ഡോ.അരുൺ പി എന്നിവരും ചികിത്സയ്ക്ക് നേതൃത്വം നൽകി.