കന്യാകുമാരി റെയിൽവേ സ്റ്റേഷന്റെ മുഖം മാറും ; പുനർനിർമ്മാണം 19 മാസത്തിനുള്ളിൽ

Thursday 09 February 2023 3:09 AM IST

നാഗർകോവിൽ: ദക്ഷിണേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കന്യാകുമാരിയിലെ റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതി 19 മാസത്തിനുള്ളിൽ പൂർത്തിയാകും. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടോപ്പോഗ്രഫിക്കൽ സർവേ പൂർത്തിയായി മണ്ണ് പരിശോധന പുരോഗമിക്കുകയാണ്. ഇ.പി.സി വ്യവസ്ഥയിൽ 49.36 കോടി രൂപയ്‌ക്ക് ചെന്നൈയിലെ എൻജിനിയറിംഗ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിനാണ് നിർമ്മാണ കരാർ ലഭിച്ചത്.

നിലവിലുള്ള ടെർമിനൽ കെട്ടിടത്തിന്റെ വിപുലീകരണം, നവീകരണം, പ്ലാറ്റ്‌ഫോം നവീകരണം, കിഴക്കുവശത്ത് എൻ.എച്ച് 27നെയും പടിഞ്ഞാറ് എൻ.എച്ച് 44നെയും ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണം എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി നടക്കുന്നത്. എല്ലാ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട് ഓവർബ്രിഡ്ജ്, പുതിയ ആർ.പി.എഫ് കെട്ടിടം, മെക്കാനിക്കൽ ജീവനക്കാർക്കുള്ള സർവീസ് റൂം, പുതിയ സബ്സ്റ്റേഷൻ കെട്ടിടം, അറൈവൽ, ഡിപ്പാർച്ചർ ഫോർകോർട്ട്, സർക്കുലേറ്റിംഗ് ഏരിയയിലെ വിപുലീകരണം തുടങ്ങിയവയുമുണ്ടാകും.

പാർക്കിംഗ് സൗകര്യം

104 കാറുകൾ, 220 ഇരുചക്ര വാഹനങ്ങൾ, 20 ഓട്ടോ/ടാക്‌സികൾ എന്നിവ ഉൾക്കൊള്ളാനുള്ള പാർക്കിംഗ് സൗകര്യമാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. സർക്കുലേറ്റിംഗ് ഏരിയയിൽ കാർ പാർക്കിംഗ് സൗകര്യമുള്ള നാലുവരി വീതിയുള്ള റോഡ് ഉണ്ടായിരിക്കും. സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് കാൽനട യാത്രക്കാർക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. വാഹനങ്ങൾക്ക് ഡ്രോപ്പ് ഓഫ്, ഡ്രോപ്പ്-ഇൻ, പിക്ക്-അപ്പ് പോയിന്റുകൾ എന്നിവയോടെയാണ് എൻട്രി രൂപകല്പന ചെയ്‌തിട്ടുള്ളത്. റോഡുമാർഗം വരുന്നതിനും പോകുന്നതിനും യാത്രക്കാർക്ക് പ്രത്യേക ' ബസ് ബേയും ' ഒരുക്കിയിട്ടുണ്ട്.