ഒഴുകി ഒഴുകി ' ബാറ്റ്മാൻ " കൊക്കെയ്ൻ
വെല്ലിംഗ്ടൺ : ന്യൂസിലൻഡിന് സമീപം പസഫിക് സമുദ്രത്തിൽ ഒഴുകുന്ന നിലയിൽ 81 കൊക്കെയ്‌ൻ പാക്കുകൾ കണ്ടെത്തി. അന്താരാഷ്ട്ര മാഫിയകൾ അനധികൃതമായി കടത്താൻ ശ്രമിച്ചതെന്ന് കരുതുന്ന 316 മില്യൺ ഡോളറിന്റെ 3,200 കിലോഗ്രാം കൊക്കെയ്‌നാണ് ന്യൂസിലൻഡ് പൊലീസും കോസ്റ്റ്ഗാർഡും ഡിഫൻസ് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കണ്ടെത്തിയത്. കൊക്കെയ്ൻ പാക്കുകൾ ഓസ്ട്രേലിയയിൽ എത്തിക്കേണ്ടവ ആയിരുന്നെന്നാണ് ന്യൂസിലൻഡ് പൊലീസിന്റെ നിഗമനം. ഓസ്ട്രേലിയയിൽ ഒരു വർഷത്തെ വിപണനത്തിന് ഈ കൊക്കെയ്‌ൻ മതിയാകുമായിരുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന തരത്തിലെ ബോയ് ഓട് കൂടിയ കെക്കെയ്‌ൻ പാക്കുകളുടെ പുറത്ത് ബാറ്റ്‌മാൻ ചിഹ്നങ്ങളുമുണ്ടാരുന്നു. ന്യൂസിലൻഡ് നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിത്. അതേ സമയം, ഓപ്പറേഷനിലേക്ക് നയിക്കാനുള്ള കാരണമോ അവ എങ്ങനെയാണ് കണ്ടെത്തിയതെന്നോ ന്യൂസിലൻഡ് അറിയിച്ചിട്ടില്ല.