ഗോതബയയെ ചോദ്യം ചെയ്ത് പൊലീസ്

Thursday 09 February 2023 6:21 AM IST

കൊളംബോ : ശ്രീലങ്കയിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ മുൻ പ്രസി‌ഡന്റ് ഗോതബയ രാജപക്സയെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഗോതബയ ശ്രീലങ്ക വിട്ടിരുന്നു. ജൂലായിൽ ആയിരക്കണക്കിന് പ്രക്ഷോഭകർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയടക്കമുള്ള സർക്കാർ സ്ഥാപനങ്ങളും കൈയ്യേറിയിരിന്നു. ഇതിനിടെ പ്രതിഷേധക്കാരാണ് ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചിരുന്ന 1.75 കോടി ശ്രീലങ്കൻ രൂപ കണ്ടെത്തിയത്. ഇവർ ഇത് കൊളംബോ പൊലീസിന് കൈമാറിയിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇന്നലെ രാജപക്സയെ ചോദ്യം ചെയ്തത്. പണം വിട്ടുകിട്ടാൻ ഗോതബയ കോടതിയെ സമീപിച്ചിരുന്നെങ്കിലും വിഫലമായിരുന്നു. ജൂലായ് 13ന് ശ്രീലങ്ക വിട്ട ഗോതബയ മാലി ദ്വീപ് വഴി തൊട്ടടുത്ത ദിവസം സിംഗപ്പൂരിലെത്തിയ ശേഷമാണ് തന്റെ രാജി സ്പീക്കർക്ക് ഇമെയിലിൽ അയച്ചുനൽകിയത്. തുടർന്നാണ് റെനിൽ വിക്രമസിംഗെ പ്രസിഡന്റായത്. സിംഗപ്പൂരിൽ നിന്ന് തായ്‌ലൻഡിലേക്ക് പോയ ഗോതബയ പ്രശ്നങ്ങൾ തണുത്തതോടെ കഴിഞ്ഞ സെപ്തംബർ 2നാണ് ശ്രീലങ്കയിൽ മടങ്ങിയെത്തിയത്.