യു.എസ് കോൺഗ്രസ് സംയുക്ത സമ്മേളനം : കത്തി ചാര ബലൂൺ, ബൈഡൻ നുണയൻ എന്ന് റിപ്പബ്ലിക്കൻ അംഗം
വാഷിംഗ്ടൺ : യു.എസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനെ ' നുണയൻ " എന്ന് വിളിച്ച് റിപ്പബ്ലിക്കൻ പാർട്ടി അംഗം മാർജറി ടെയ്‌ലർ ഗ്രീൻ. ജോർജിയയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗമായ മാർജറി പാർട്ടിയിൽ തീവ്രനിലപാടുകാരിൽ ഒരാളാണ്. ചൈനീസ് ചാര ബലൂണിനെയാണ് മാർജറി ബൈഡനെതിരെ ആയുധമാക്കിയത്. ഇന്നലെ രാവിലെ നടന്ന സമ്മേളനത്തിനിടെ ഒരു ഭീമൻ വെള്ള ബലൂണുമായാണ് മാർജറി കാപിറ്റൽ മന്ദിരത്തിൽ എത്തിയത്. ' ഇതൊരു പാവം ബലൂൺ ആണ് " എന്നായിരുന്നു മാർജറിയുടെ പ്രതികരണം. ജനുവരി 28ന് യു.എസ് വ്യോമപരിധിയിൽ പ്രത്യക്ഷപ്പെട്ട ബലൂണിനെ ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ബൈഡന്റെ ഉത്തരവ് പ്രകാരം സൈന്യം വെടിവച്ച് അറ്റ്‌ലാൻഡിക് സമുദ്രത്തിൽ വീഴ്ത്തിയത്. രാജ്യത്തിന്റെ തന്ത്രപ്രധാന ഭാഗങ്ങളിലൂടെ പറന്ന നിരീക്ഷണ ബലൂണിനെ വെടിവച്ചു വീഴ്ത്താൻ ഇത്രയും സമയമെടുത്തതിന് റിപ്പബ്ലിക്കൻമാർ ബൈഡനെതിരെ രംഗത്തെത്തിയിരുന്നു. ബൈഡന് ബലൂണിനെ പറ്റി നേരെത്തെ അറിയാമായിരുന്നെന്നും ചിലർ ആരോപണം ഉന്നിയിച്ചിരുന്നു. ഇതാണ് മാർജറിയും പ്രതിഷേധത്തിലൂടെ അർത്ഥമാക്കിയത്. ബലൂൺ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലത്ത് യു.എസിന് മുകളിലൂടെ പറന്നിട്ടുണ്ടെന്നും എന്നാൽ ട്രംപ് ഭരണകൂടം അത് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടെന്നുമാണ് പെന്റഗൺ പറയുന്നത്. ബലൂൺ ജനവാസ മേഖലയ്ക്ക് മുകളിൽ വച്ച് വെടിവച്ചു വീഴ്ത്തുന്നതിന്റെ അപകട സാദ്ധ്യത കണക്കിലെടുത്താണ് അറ്റ്‌ലാൻഡികിന് മുകളിലെത്തുന്നത് വരെ കാത്തിരുന്നതെന്ന് ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി തിരിച്ചടിച്ചു. അതേ സമയം, സമ്മേളനത്തിൽ ബൈഡന്റെ അഭിസംബോധന ആരംഭിച്ചതിന് പിന്നാലെ നിരവധി തവണ മാർജറി അത് തടസപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ, ചില റിപ്പബ്ലിക്കൻ അംഗങ്ങൾ ആരോഗ്യപരിരക്ഷ മുതൽ സാമൂഹ്യസുരക്ഷയിൽ വരെയുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ ആഗ്രഹിക്കുന്നതായി ബൈഡൻ പറഞ്ഞതിന് പിന്നാലെ ബൈഡനെ മാർജറി ' നുണയൻ" എന്ന് ഉറക്കെ വിളിച്ച് കളിയാക്കി. 2020ൽ സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മാർജറിയെ മോശം പെരുമാറ്റത്തിന്റെ പേരിൽ വിവിധ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയിരുന്നു.