എം.എച്ച് 17 ദുരന്തം : മിസൈൽ നൽകിയത് പുട്ടിനെന്ന് സൂചന

Thursday 09 February 2023 6:25 AM IST

ആംസ്റ്റർഡാം : 2014ൽ യുക്രെയിന് മീതെ പറന്ന മലേഷ്യൻ എയർലൈൻസ് ബോയിംഗ് 777 എം.എച്ച് 17 വെടിവച്ച് വീഴ്ത്തിയ സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ അന്വേഷണ സംഘം. വിമാനം തകർത്ത മിസൈൽ പുട്ടിന്റെ ഉത്തരവോടെ വിതരണം ചെയ്യപ്പെട്ടതാണെന്നതിന്റെ ശക്തമായ സൂചന ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു. 2014 ജൂലായ് 17നായിരുന്നു 298 നിരപരാധികളുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തം. കിഴക്കൻ യുക്രെയിനിൽ ഡോൺബാസ് മേഖലയിലെ റഷ്യൻ അനുകൂല വിമത ഗ്രൂപ്പുകളും യുക്രെയിൻ സൈന്യവും തമ്മിൽ സംഘർഷം അരങ്ങേറവെയാണ് എം.എച്ച് 17നെ മിസൈൽ തകർത്തത്. 33,000 അടി ഉയരത്തിൽ വച്ച് വിമാനം മൂന്നായി പിളർന്ന് കത്തിയമർന്നു. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്ന് ക്വാലാലംപ്പൂരിലേക്കായിരുന്നു വിമാനം പറന്നത്. യുക്രെയിനിലെ റഷ്യൻ അനുകൂല വിമതർക്ക് മിസൈലുകൾ നൽകാൻ പുട്ടിൻ തീരുമാനിച്ചതിന് തെളിവുകളുണ്ടെന്നും എന്നാൽ വിമാനം വെടിവച്ച് വീഴ്ത്താൻ പുട്ടിനോ മറ്റ് ഉന്നത റഷ്യൻ ഉദ്യോഗസ്ഥരോ ഉത്തരവ് നൽകിയതായി സൂചനയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതിനാൽ കൂടുതൽ വിചാരണകളില്ലാതെ അന്വേഷണം അവസാനിപ്പിക്കും. സംഭവത്തിൽ ആരോപിക്കപ്പെട്ട എല്ലാ പങ്കുകളും റഷ്യ നിഷേധിച്ചു. നെതർ‌ലൻഡ്സ് ഉൾപ്പെടെ അഞ്ച് രാജ്യങ്ങളുടെ പ്രതിനിധികളാണ് അന്വേഷണ സംഘത്തിലുള്ളത്. മരിച്ചവരിലേറെയും ഡച്ച് വംശജരായിരുന്നു. വിമത ഗ്രൂപ്പുകൾക്ക് റഷ്യ നൽകിയ മിസൈലാണ് വിമാനത്തെ തകർത്തതെന്ന് പ്രാഥമികാന്വേഷണത്തിലും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് നിഷേധിച്ച റഷ്യ യുക്രെയിനാണ് വിമാനം വെടിവച്ചു വീഴ്ത്തിയതെന്ന് ആരോപിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് റഷ്യൻ ഇന്റലിജൻസ് ഏജന്റുമാ‌ർ അടക്കം മൂന്ന് പേർക്ക് ഡച്ച് കോടതി നവംബറിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അതേ സമയം, കുറ്റാരോപിതർ വിചാരണയ്ക്ക് ഹാജരായിരുന്നില്ല.