പസഫിക് സമുദ്രത്തിൽ ഒഴുകിനടക്കുന്ന നിലയിൽ 2600 കോടി മൂല്യമുള്ള മൂന്നര ടൺ കൊക്കെയിൻ, നിരീക്ഷണം ശക്തമാക്കി

Thursday 09 February 2023 10:59 AM IST

വെല്ലിംഗ്‌ടൺ: പസഫിക് സമുദ്രത്തിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയ 3.5 ടൺ (3500 കിലോ) കൊക്കെയിൻ പിടിച്ചെടുത്തതായി ന്യൂസിലാൻഡ് നാവികസേന. ന്യൂസിലാൻഡിൽ നിന്ന് കിലോമീറ്ററുകൾ അകലെയായി പസഫിക് സമുദ്രത്തിന്റെ വിദൂരമേഖലയിൽ ഇന്നലെയാണ് കൊക്കെയിൻ കണ്ടെത്തിയത്. ഡിസംബറിൽ ആരംഭിച്ച ഓപ്പറേഷൻ ഹൈഡ്രോസിന്റെ ഭാഗമായാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

രാജ്യത്ത് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്ന് ന്യൂസിലാൻഡ് പൊലീസ് കമ്മീഷണർ പറഞ്ഞു. 315.2 മില്യൺ ഡോളർ (2600 കോടി രൂപ) മൂല്യമുള്ള മയക്കുമരുന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.

ഓസ്ട്രേലിയയിലേയ്ക്ക് കടത്താനുള്ള ശ്രമത്തിനിടെ കള്ളക്കടത്തുകാർ കൊക്കെയിൻ ഉപേക്ഷിച്ചതാകാമെന്ന് ന്യൂസിലാൻഡ് പൊലീസ് പറഞ്ഞു. 81 കെട്ടുകളിലായി ആണ് കൊക്കെയിൻ പസിഫിക് സമുദ്രത്തിൽ കണ്ടെത്തിയത്. ഇത് ന്യൂസിലാൻഡിൽ തന്നെ നശിപ്പിക്കും. കേസിൽ അന്വേഷണം തുടരുമെന്നും അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് സംശയാസ്പദമായ കപ്പലുകളുടെ നിരീക്ഷണം തുടരുമെന്നും ന്യൂസിലാൻഡ് പൊലീസ് അറിയിച്ചു.