ബി പി കുറയ്ക്കാൻ പശുവിനെ കെട്ടിപ്പിടിച്ചാൽ മതി, രോഗശാന്തിക്കും നല്ലത്; യു പി മന്ത്രി

Thursday 09 February 2023 1:05 PM IST

ലക്നൗ; പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപിയും മറ്റ് അസുഖങ്ങളും കുറയ്ക്കുമെന്ന് ഉത്തർപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരം പാൽ സിംഗ്. പ്രണയദിനത്തിൽ കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. വൈകാരികമായ ആനന്ദലബ്ധിക്ക് ഫെബ്രുവരി 14ന് പശുവിനെ ആലിംഗന ചെയ്യുന്ന ദിനമായി ആഘോഷിക്കാൻ കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് നിർദേശം നൽകിയത്.

പ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യുന്നതിലൂടെ മൃഗസംരക്ഷണ ചിന്തയും അനുകമ്പയും വളരുമെന്നും ബോർഡ് സെക്രട്ടറി ഡോ. സുർജിത് കുമാർ ദത്ത ഇറക്കിയ ഉത്തരവിൽ പറയുന്നു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണിത്. പാശ്ചാത്യ രീതിയിലുള്ള വാലന്റൈൻ ദിനാഘോഷം നടക്കുന്ന ഫെബ്രുവരി 14 പശു ആലിംഗത്തിന് തിരഞ്ഞെടുത്തതിലൂടെ പാശ്‌ചാത്യ നാഗരികതയുടെ കടന്നുകയറ്റം മൂലം വിസ്‌മൃതിയിലായ ഇന്ത്യൻ സംസ്‌കാരത്തെ സംരക്ഷിക്കലാണ് ലക്ഷ്യമത്രേ.

പാശ്‌ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റം വേദപാരമ്പര്യത്തെ നാശത്തിലെത്തിച്ചു. പശു ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ്. പശുവിന് അപാരമായ കഴിവുകളുണ്ട്. അവയെ കെട്ടിപ്പിടിക്കുന്നത് വൈകാരികമായ ആനന്ദം നൽകും. അതിനാൽ, എല്ലാ പശു സ്നേഹികളും ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആഘോഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണെന്നും ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ 14ന് പശു ആലിംഗന ദിനമായി ആഘോഷിക്കുമെന്നും ബോർഡ് അസിസ്റ്റന്റ് സെക്രട്ടറി പ്രാചി ജെയിൻ പറഞ്ഞു,