കൂടംകുളം പദ്ധതി നഷ്ടപരിഹാരം ഉടൻ.
Friday 10 February 2023 1:22 AM IST
പൊൻകുന്നം . കൂടംകുളം പദ്ധതിയുടെ നഷ്ടപരിഹാര വിതരണത്തിന് ആറ് അധിക തസ്തിക കൂടി അനുവദിച്ച് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചതായി ചീഫ് വിപ്പ് എൻ ജയരാജ് പറഞ്ഞു. നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കലിനായി 2017ൽ രൂപീകരിച്ച സ്‌പെഷ്യൽ തഹസിൽദാർ എൽ എ (പവർഗ്രിഡ്) കോട്ടയം ഓഫീസ് പവർഗ്രിഡ് കോർപ്പറേഷൻ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് നിറുത്തലാക്കിയിരുന്നു. വാഴൂർ വില്ലേജിൽ 57 പേർക്കും കങ്ങഴയിലെ 266 പേർക്കും വെള്ളാവൂർ വില്ലേജിലെ 150 പേർക്കും നഷ്ടപരിഹാരം നൽകാനുണ്ട്. നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കളക്ടർക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു.