സംസ്ഥാനത്ത് 2334 മയക്കുമരുന്ന് ഇടപാടുകാർ: കണക്കിൽ മുന്നിൽ കണ്ണൂർ

Thursday 09 February 2023 9:15 PM IST

എക്സൈസിന്റെ കണക്കിൽ കാസർകോട്ട് 11 ഇടപാടുകാർ മാത്രം

കണ്ണൂർ: എക്‌സൈസ് വകുപ്പ് പുറത്തുവിട്ട സംസ്ഥാനത്തെ മയക്കുമരുന്നു ഇടപാടുകാരുടെ ലിസ്റ്റിൽ

412 പേരുമായി കണ്ണൂർ ജില്ല ഒന്നാമത്. വർദ്ധിച്ചുവരുന്ന നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) കേസുകൾ കണക്കിലെടുത്ത് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2334 മയക്കുമരുന്ന് ഇടപാടുകാരാണ് കേരളത്തിൽ ഉള്ളത്.

11 പേർ മാത്രം പട്ടികയിൽ പെട്ട കാസർകോടാണ് എക്സൈസ് കണക്കിൽ ഏറ്റവും കുറവ് മയക്കുമരുന്നു ഇടപാടുകാരുള്ള ജില്ല. ഒന്നിലധികം തവണ എൻ.ഡി.പി.എസ് കേസുകളിൽ പിടിയിലായവരെ ഉൾപ്പെുത്തിയാണ് പട്ടിക തയ്യാറാക്കിയത്. കൂടുതൽ മയക്കുമരുന്ന് വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയാൻ ഇവരെ നിരന്തരം നിരീക്ഷിക്കുന്നതിന് ഇത്തരം നടപടികൾ സഹായിക്കുമെന്നാണ് എക്സൈസ് വിശ്വസിക്കുന്നത്. അതോടൊപ്പം, എൻ.ഡി.പി.എസ് കേസുകളിൽ അറസ്റ്റിലാകുന്നവരിൽ നിന്നും ജയിൽ മോചിതരാകുന്നവരിൽ നിന്നും ഇനി മയക്കുമരുന്ന് വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് എഴുതി വാങ്ങുകയും ചെയ്യുന്നുണ്ട്.

അതേ സമയം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളുടെ എണ്ണത്തിലും മുൻവർഷങ്ങളേക്കാൾ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 6116 കേസുകളാണ് . 2021ൽ 3922 ഉം 2020ൽ 3667 ഉം കേസുകളായിരുന്നു ഉണ്ടായിരുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തത് 2018ലാണ്. അന്ന് 7,573 കേസുകളാണ് രജിസ്റ്റർ ചെയ്തത്.


ജില്ല ഇടപാടുകാരുടെ എണ്ണം

കാസർകോട് 11

കണ്ണൂർ 412

കോഴിക്കോട് 109

വയനാട് 70

മലപ്പുറം 130

പാലക്കാട് 316

തൃശ്ശൂർ 302

എറണാകുളം 376

ഇടുക്കി 161

കോട്ടയം 51

ആലപ്പുഴ 155

പത്തനംതിട്ട 62

കൊല്ലം 62

തിരുവനന്തപുരം 117

ആകെ 2334


മയക്കുമരുന്നു കേസുകൾ രജിസ്റ്റർ ചെയ്തത് മുൻ വർഷത്തേക്കാൾ കൂടുതലാണ്. വകുപ്പ് ഉണർന്നു പ്രവർത്തിക്കുന്നതിനാലാണ് ഇടപാടുകാരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സാധിക്കുന്നത്. ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടവരെ പ്രതിരോധ തടങ്കലിൽ പാർപ്പിക്കുന്നതടക്കമുള്ള കാര്യം ആലോചിക്കുന്നുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പിടികൂടുന്ന വ്യക്തിയുടെ പേരിൽ വേറെയും കേസുകൾ ഉണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കുന്ന സമയത്തുതന്നെ അക്കാര്യം കോടതിയിൽ വ്യക്തമാക്കി പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ ശ്രമിക്കാറുണ്ട്'

രാഗേഷ് .ടിഅസി. എക്‌സൈസ് കമ്മീഷണർ,കണ്ണൂർ

Advertisement
Advertisement