കളിയാട്ടം മേയ് 4 മുതൽ
പുല്ലൂർ: എടമുണ്ട പൊങ്കടത്ത് വിഷ്ണുമൂർത്തി കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് കളിയാട്ടം മേയ് 4 മുതൽ 6 വരെ തീയതികളിൽ നടക്കും. കളിയാട്ടത്തിന്റെ മുന്നോടിയായി ദേവസ്ഥാനത്ത് വിവിധ ചടങ്ങുകൾ ഭക്തിയുടെ നിറവിൽ നടന്നു. നാൾ മരം മുറിക്കലിന് മുന്നോടിയായി ആചാരക്കാരും കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ഘോഷയാത്ര നടന്നു. നാൾ മരം മുറിക്കലിന് കൃഷ്ണൻ പുക്കളം, രാമൻ കുന്നുമ്മൽ, രാജു ആചാരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. തുടർന്ന് ആചാരപരമായ ചടങ്ങുകൾക്ക് ശേഷം നാൾ മരം ഘോഷയാത്രയായി ദേവസ്ഥാനത്ത് എത്തിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു. 80 ആണ്ടുകൾക്ക് ശേഷമാണ് ദേവസ്ഥാനത്ത് കളിയാട്ടം നടക്കുന്നത്. പുലി ചാമുണ്ഡിയമ്മ, കരിം ചാമുണ്ഡിയമ്മ, ബ്രഹ്മണ ചാമുണ്ഡിയമ്മ, വിഷ്ണുമൂർത്തി, ആട്ടക്കാരത്തിയമ്മ, കുറത്തിയമ്മ തുടങ്ങിയ തെയ്യങ്ങൾ ഇവിടെ കളിയാട്ട നാളുകളിൽ അരങ്ങിലെത്തും.