ചാറ്റ് ജി.പി.ടി; ഇരുളും വെളിച്ചവും

Friday 10 February 2023 12:00 AM IST

ചാറ്റ് ജി.പി.ടി എന്ന സോഫ്‌ട് വെയറിന്റെ അപ്രതീക്ഷിത പ്രശസ്തിയാണ് ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുദ്ധം എന്ന പ്രതീതി ജനിപ്പിച്ചിട്ടുള്ളത്. ഈ യുദ്ധം സത്യത്തിൽ കമ്പ്യൂട്ടറുകൾക്ക് മനുഷ്യഭാഷ കൈകാര്യം ചെയ്യാൻ കഴിഞ്ഞതിന്റെ ഒരു ആഘോഷം മാത്രമാണ്. മനുഷ്യനു തന്റെ ഭാഷയിൽ കമ്പ്യൂട്ടറുകളുമായി സംവദിക്കാൻ കഴിഞ്ഞതിന്റെ ആഘോഷം. ഈ സത്യാനന്തരകാലത്ത് കള്ളലേഖനങ്ങളും കള്ളവീഡിയോകളും എളുപ്പത്തിൽ സൃഷ്ടിച്ചു കിട്ടാൻ പോകുന്നെന്ന് അറിയുമ്പോഴുള്ള ചിലരുടെ തുള്ളിച്ചാടൽ കൂടിയാണിത്.

ചാറ്റ് ജി.പി.ടി നിരവധി നൂതന മാനങ്ങളുള്ള, വിപുലീകരിക്കപ്പെട്ട ഒരു സെർച്ച് എൻജിനാണെന്ന് പൊതുവ പറയാം. ഗൂഗിൾ സെർച്ച് എൻജിൻ വിവരങ്ങൾ സ്ഥിതി ചെയ്യുന്ന ഇടങ്ങൾ കാണിച്ചുതരുന്ന ഒരു സോഫ്റ്റ്‌വെയറാണെങ്കിൽ ചാറ്റ് ജിപിടി വിവരങ്ങൾ വേണ്ടവിധം എഡിറ്റ് ചെയ്ത് ലേഖനരൂപത്തിലോ ഓഡിയോ രൂപത്തിലോ വീഡിയോ രൂപത്തിലോ നമ്മുടെ മുന്നിലെത്തിക്കുന്ന ഒരു സോഫ്‌ട് വെയറാണ്. ഗൂഗിൾ സെർച്ച് എൻജിൻ ചെയ്യുന്നതിനേക്കാൾ സമർത്ഥമായി നമ്മുടെ ചോദ്യങ്ങൾ മനസിലാക്കുകയും വിപുലമായിത്തന്നെ ഉത്തരം തരികയും ചെയ്യുന്ന സോഫ്‌ട് വെയറാണ് ചാറ്റ് ജിപിടി.

അടുത്തകാലത്ത് പ്രശസ്തമായ സോഫ്‌ട് വെയറാണ് ചാറ്റ് ജി.പി.ടി എങ്കിലും അതിന്റെ അടിസ്ഥാന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏറ്റവും ചുരുങ്ങിയത് അഞ്ച് പതിറ്റാണ്ടെങ്കിലും പഴയതാണ്. ആ സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തുവന്ന ചാറ്റ് ജി.പി.ടി പ്രശസ്തമാകാനുള്ള പ്രധാനകാരണം അതിൽ ഉപയോഗിച്ചിട്ടുള്ള അത്യാധുനിക ഭാഷാശാസ്ത്ര മോഡലുകളാണ്. സാധാരണക്കാരന്റെ ഭാഷയിൽ പറഞ്ഞാൽ മനുഷ്യനുമായി അവന്റെ ഭാഷയിൽ സംവദിക്കാനുള്ള ഭാഷാ ടെക്നിക്കുകൾ ചാറ്റ് ജി.പി.ടി വശമാക്കിയിരിക്കുന്നു എന്നതാണ് ചാറ്റ് ജി.പി.ടി പ്രശസ്തമാകാനുള്ള പ്രധാനകാരണം. ആ ഭാഷാശാസ്ത്ര ടെക്നിക്കുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് ചേർന്നപ്പോൾ ചാറ്റ് ജി.പി.ടി പോലുള്ള ഉത്പന്നങ്ങൾ പുറത്തുവരികയും അവ സാധാരണക്കാർക്ക് ഉപകാരപ്പെടുകയും അതുവഴി അവ പ്രശസ്തമാവുകയും ചെയ്തു.

ചാറ്റ് ജി.പി.ടി.യെ പ്രശസ്തമാക്കിയ കംപ്യൂട്ടർ അധിഷ്ഠിത ഭാഷാശാസ്ത്ര മോഡലുകൾക്കും അഞ്ച് പതിറ്റാണ്ടു നീണ്ട ചരിത്രമുണ്ട്. നോം ചോംസ്‌കിയെപ്പോലുള്ള ഭാഷാശാസ്ത്രജ്ഞർ കംപ്യൂട്ടർ അധിഷ്ഠിത ഭാഷാശാസ്ത്ര മോഡലുകൾ അറുപതുകളിലും എഴുപതുകളിലും ഗവേഷണപ്രബന്ധങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം ഭാഷാശാസ്ത്ര മോഡലുകൾ ഉപയോഗിച്ചാണ് ഫോർട്രാൻ, സി, ജാവ തുടങ്ങിയ കംപ്യൂട്ടർ ഭാഷകളെല്ലാം വികസിപ്പിച്ചെടുത്തത്. ഈ കംപ്യൂട്ടർ ഭാഷകളെല്ലാം പ്രയോഗിക്കണമെങ്കിൽ പ്രത്യേക പരിശീലനം ആവശ്യമാണ്. പ്രത്യേകം പരിശീലനം സിദ്ധിച്ച സോഫ്‌ട് വെയർ വിദഗ്ദ്ധർ ഈ കംപ്യൂട്ടർ ഭാഷകൾ ഉപയോഗിച്ചുണ്ടാക്കിയ ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകൾ സ്വന്തം ഭാഷയിൽ കംപ്യൂട്ടറുമായി നേരിട്ട് സംവദിക്കാൻ സാധാരണക്കാർക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. അതായത്, തന്റെ ചോദ്യങ്ങൾ ഗൂഗിളിനോട് ചോദിക്കാനും അതിന്റെ ഉത്തരത്തിന് ഉപകാരപ്രദമായ വിവരങ്ങൾ സൈബർ സ്‌പേസിൽ എവിടെയൊക്കെയാണ് ഉള്ളതെന്നു കണ്ടെത്താനും ഗൂഗിൾ സെർച്ച് എൻജിനുകൾ നമ്മെ സഹായിക്കുന്നു. എന്നാൽ, അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ക്ഷമയോടെ വായിച്ച് തന്റെ ചോദ്യത്തിനുള്ള ഉത്തരം യുക്തിപൂർവ്വം കണ്ടെത്തുക എന്നത് നമ്മുടെ കർത്തവ്യമാണ്. അതിന്റെ അടുത്ത സ്റ്റേജ് എന്ന നിലയ്ക്കാണ് ചാറ്റ് ജി.പി.ടി പോലുള്ള സോഫ്‌ട് വെയറുകളെ കാണേണ്ടത്. സാധാരണക്കാർക്ക് അവയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാം. അവ അതിന്റെ ഉത്തരം സൈബർ സ്‌പേസിൽ പലയിടങ്ങളിൽ നിന്നായി തേടിപ്പിടിച്ച് യുക്തിപൂർവം ഒരു ചെറുലേഖനരൂപത്തിലാക്കി തരും. അതായത്, മനുഷ്യന്റെ യുക്തിചിന്തയുടെയും എഴുതാനുള്ള കഴിവിന്റെയും കുറെ ഭാഗം കൂടി കംപ്യൂട്ടറിനെ കൊണ്ട് ഏറ്റെടുപ്പിക്കുകയാണ് ചാറ്റ് ജി.പി.ടി പോലുള്ള സോഫ്‌ട് വെയറുകൾ ചെയ്യുന്നത്. സോഫ്‌ട് വെയർ ഗവേഷണത്തിൽ ഒരു വൻ കുതിച്ചുചാട്ടം തന്നെയാണ് ഇത്തരം സോഫ്‌ട് വെയറുകൾ.

ചാറ്റ് ജി.പി.ടി മാത്രമല്ല ഈ സൗകര്യങ്ങൾ ഒരുക്കിത്തരുന്നത്. ഗൂഗിൾ എ.ഐ, ഗൂഗിൾ ബാർഡ് പോലുള്ള സോഫ്‌ട് വെയറുകൾ ഇതേ ഉപയോഗത്തിനായി നമ്മുടെ മുന്നിലുണ്ട്. ഇവയെല്ലാം പണം കൊടുത്ത് ഉപയോഗിക്കേണ്ട സോഫ്‌ട് വെയറുകളാണ്. അതായത് ഗൂഗിൾ സെർച്ച് എൻജിൻ പോലെ സൗജന്യമല്ല എന്നർത്ഥം. ചാറ്റ് ജി.പി.ടി സൗജന്യമാണെന്ന പ്രതീതി ഇപ്പോഴുണ്ടെങ്കിലും താമസിയാതെ അതിനും പണം കൊടുക്കേണ്ടിവരുമെന്ന് അതിന്റെ ഉടമസ്ഥരായ ഓപ്പൺ എ.ഐ എന്ന അമേരിക്കൻ കമ്പനി ഇതിനകം അറിയിച്ചിട്ടുണ്ട്.

യുക്തിചിന്തയും എഴുത്തും ചിത്രം വരയുമൊക്കെ കംപ്യൂട്ടറിനെ ഏല്‌പിച്ച് അവ ഉണ്ടാക്കിത്തരുന്നത് കണ്ണടച്ച് വിശ്വസിച്ച് ഉപയോഗിക്കുന്നത് എത്രകണ്ട് യുക്തിഭദ്രമാണ് എന്നൊരു വാദമുണ്ട്. അത് ശരിയുമാണ്. അതുപോലെ

ഇത്തരം സോഫ്റ്റ്‌വെയറുകളുടെ ദുരുപയോഗത്തിന്റെ സാദ്ധ്യതകളെക്കുറിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

വിദ്യാർത്ഥികൾക്ക് ഈ സോഫ്‌ട് വെയർ ദുരുപയോഗപ്പെടുത്താൻ സാധിക്കും. വിദ്യാർത്ഥികൾ സ്വന്തം കഴിവും പ്രാപ്തിയും ഉപയോഗിച്ച് തയാറാക്കേണ്ട ഉപന്യാസങ്ങൾ, പ്രോജെക്ടുകൾ, അസൈൻമെന്റുകൾ എന്നിവ ചാറ്റ് ജി.പി.ടിയുടെ സഹായത്തോടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയാറാക്കാനാകും. ചാറ്റ് ജി.പി.ടി സ്വന്തം നിർമ്മിതബുദ്ധി അഥവാ നിർമ്മിതയുക്തി ഉപയോഗിച്ച് ശേഖരിച്ച് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനുള്ള യുക്തിബോധവും അറിവുമില്ലാത്ത വിദ്യാർത്ഥികൾക്ക് ഇത്തരം കള്ളലേഖനങ്ങൾ തങ്ങളുടെ അക്കഡമിക്ക് ജീവിതത്തിൽ ചീത്തപ്പേരുണ്ടാക്കാനിടയുണ്ട്. വിഖ്യാത കലാകാരന്മാരുടെ സൃഷ്ടികൾ കോപ്പിയടിക്കാൻ സാധിക്കും എന്നതാണ് ചാറ്റ് ജി.പി.ടി സോഫ്റ്റ്‌വെയറിന്റെ മറ്റൊരു ദുരുപയോഗസാദ്ധ്യത. ഉദാഹരണത്തിന് സുഹൃത്തിന്റെ പിറന്നാൾ ദിനത്തിൽ അയാൾക്ക് പുതിയൊരു ചിത്രം സമ്മാനിക്കണം എന്നിരിക്കട്ടെ. വിഖ്യാത കലാകാരൻ വരച്ചതെന്ന് വിശ്വസിപ്പിക്കാവുന്ന തരത്തിൽ അതും നിഷ്പ്രയാസം സാധിച്ചെടുക്കാൻ ചാറ്റ് ജി.പി.ടി സോഫ്‌ട് വെയർ സഹായിക്കും. ചുരുക്കിപ്പറഞ്ഞാൽ, ദുരുപയോഗത്തിന്റെ കാര്യത്തിൽ ഈ സത്യാനന്തരകാലത്തിനു ചേർന്ന ഉത്‌പന്നങ്ങളെന്ന ചീത്തപ്പേര് സമ്പാദിക്കാൻ സാദ്ധ്യതയുള്ളതവയാണ് ചാറ്റ് ജി.പി.ടി പോലുള്ള സോഫ്‌ട് വെയറുകൾ.

(സ്വതന്ത്ര സൈബർ ഫൊറൻസി​ക് വി​ദഗ്ദ്ധനായ ലേഖകൻ ലോകപ്രശസ്ത ജേർണലുകളുടെ റി​വ്യൂവറുമാണ്)

Advertisement
Advertisement