ഒഴുക്കിനെതിരെ നീന്തി വിജയിച്ച പ്രതിഭ

Friday 10 February 2023 12:00 AM IST

ഡോ. വെള്ളായണി അർജുനൻ നവതിയിലേക്ക് . വിജ്ഞാനകോശ നിർമ്മാണത്തിൽ ഇന്ത്യയ്ക്കാകെ വഴികാട്ടിയാണ് കവിയും ബഹുഭാഷാ പണ്ഡിതനും സർവവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാനകോശം പരമ്പരകളുടെ സാരഥിയുമായ ഡോ. വെള്ളായണി അർജുനൻ. വെള്ളായണിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് പ്രതിബന്ധങ്ങളോട് പോരാടി വളർന്നു പന്തലിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം.

തിരുവനന്തപുരം യൂണി. കോളേജിൽ നിന്ന് മലയാളത്തിൽ എം.എ. ബിരുദവുമായാണ് അദ്ദേഹം തന്റെ വൈജ്ഞാനികയാത്ര ആരംഭിക്കുന്നത്. എം.എ പാസായി വന്നപ്പോൾ ശൂരനാട് കുഞ്ഞൻപിള്ള അദ്ദേഹത്തെ സഹായിയായി ലെക്‌സിക്കണിൽ നിയമിച്ചു. ജോലി ഇഷ്ടമായെങ്കിലും ആർ.ശങ്കർ കൊല്ലം എസ്.എൻ. കോളേജിൽ മലയാളം ലക്‌ചററാക്കി. സ്‌കൂൾതലം മുതലേ ഹിന്ദിപ്രചാരസഭാ ക്ളാസുകൾ ആകർഷിച്ചിരുന്നു. പ്രൈവറ്റായി പഠിച്ച് ഹിന്ദി എം.എ കൂടി പാസായി. അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റിയിൽ മലയാളം അദ്ധ്യാപകനായി നിയമനം കിട്ടി. അവിടെയുള്ള എല്ലാ ഡിപ്ളോമകളും കരസ്ഥമാക്കി.

പിഎച്ച്.ഡി നേടിയ അദ്ദേഹം പിൽക്കാലത്ത് മൂന്ന് വിഷയങ്ങളിൽ മൂന്ന് യൂണിവേഴ്സിറ്റികളിൽ നിന്ന് ഡി.ലിറ്റ് ബിരുദങ്ങൾ നേടി. അലിഗഡിൽ ഒൻപത് വർഷമുണ്ടായിരുന്നു. ഇതിനിടയിൽ സ്പെഷ്യൽ ഹിന്ദി എം.എയും എം.എ ഇംഗ്ളീഷും പ്രശസ്തമായ നിലയിൽ പാസായി. ആ സമയത്താണ് ഡോ. കെ.എം. ജോർജിനെ മലയാളം സർവവിജ്ഞാനകോശത്തിന്റെ ചീഫ് എഡിറ്ററായി സർക്കാർ നിയമിക്കുന്നത്. ഡോ. വെള്ളായണി അർജുനൻ ഭാഷാവിഭാഗം മേധാവിയായി സർവവിജ്ഞാനകോശത്തിൽ എത്തി. ഡോ. കെ.എം. ജോർജിന്റെ ചിട്ടയായ പ്രവർത്തനംകൊണ്ട് സർവവിജ്ഞാനകോശത്തിന്റെ ഒന്നും രണ്ടും വാല്യങ്ങൾ പുറത്തിറങ്ങി. അച്യുതമേനോൻ സർക്കാർ വെള്ളായണിയെ ഡോ. കെ.എം. ജോർജ് വിരമിച്ച ഒഴിവിൽ ചീഫ് എഡിറ്ററും ഡയറക്ടറുമായി നിയമിച്ചു.

പൂവിരിച്ച പാതയായിരുന്നില്ല അത്. കല്ലും മുള്ളും നിറഞ്ഞ വഴികളും നാളുകളും ധീരമായി പിന്നിട്ടു. 'ഒഴുക്കിനെതിരെ" എന്ന ആത്മകഥയിൽ ഇതെല്ലാം അദ്ദേഹം വിവരിക്കുന്നുണ്ട്. ശൂരനാട് കുഞ്ഞൻപിള്ളയും എം.പി. അപ്പനും ഉപദേശക സമിതിയിൽ ഡയറക്ടറെ അനുകൂലിക്കാൻ ഉണ്ടായിരുന്നു. മൂവായിരം കോപ്പി പോലും വിൽക്കാൻ വിഷമിച്ച ഒരു ഘട്ടമുണ്ടായിരുന്നു. ഇപ്പോൾ ഓരോ വാല്യവും നാല്പതിനായിരം വരെ വിൽക്കപ്പെടുന്നു. സർവവിജ്ഞാനകോശം മാത്രം പ്രസിദ്ധീകരിച്ചിരുന്ന സ്ഥാപനം വിശ്വസാഹിത്യവിജ്ഞാന കോശമെന്ന അത്യന്തം നൂതനവും പ്രയോജനപ്രദവുമായ സാഹിത്യവിജ്ഞാനകോശം 11 വാല്യങ്ങളിലിറക്കി. 30,000 ശീർഷകങ്ങളിൽ സാഹിത്യപരമായ എല്ലാ അറിവുകളും നൽകുന്ന റഫറൻസ് ഗ്രന്ഥമായി അത് പരിണമിച്ചു. എന്നാൽ, അതിന്റെ പകുതി വാല്യങ്ങളേ ഡോ. വെള്ളായണിക്ക് ഇറക്കാൻ കഴിഞ്ഞുള്ളൂ. എങ്കിലും വിഷയാധിഷ്ഠത വിജ്ഞാന കോശങ്ങൾ കൂടി പ്രസിദ്ധീകരിക്കുന്ന ഒരു വലിയ സ്ഥാപനമായി എൻസൈക്ളോപീഡിയ ഇൻസ്റ്റിറ്റ്യൂട്ട് വളർന്നു. പരിസ്ഥിതിവിജ്ഞാനകോശം, ജ്യോതിശാസ്ത്ര വിജ്ഞാനകോശം, നിയമവിജ്ഞാനകോശം എന്നിങ്ങനെ ആധികാരിക വിജ്ഞാനകോശങ്ങൾ ഇത്രയധികം പ്രസിദ്ധീകരിക്കുന്ന ഒരു സ്ഥാപനം മറ്റെങ്ങുമില്ല. ഡിജിറ്റൽ യുഗത്തിൽ എല്ലാം വിരൽത്തുമ്പിലെത്തുമെന്ന വിചാരമുള്ളവർക്കും ആധികാരികതയുടെ കാര്യത്തിലും കൃത്യതയുടെ കാര്യത്തിലും അച്ചടിച്ച പുസ്തകങ്ങൾക്ക് പകരമായി കമ്പ്യൂട്ടറിനേയും ഇന്റർനെറ്റിനെയും കാണാനാകില്ല. അതുകൊണ്ടുതന്നെ സർവവിജ്ഞാനകോശം പോലുള്ള സംരംഭങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഭാഷാസ്നേഹികൾ എക്കാലത്തുമുണ്ടാകും.

''ഒഴുക്കിനെതിരെ നീന്തി ലക്ഷ്യത്തിലെത്തിയ ഒരു പരിശ്രമശാലിയുടെ ജീവിതകഥ" എന്നാണ് ആത്മകഥയുടെ ഉപശീർഷകം.

വെള്ളായണി​, എന്റെ സുന്ദരദേശം എന്ന അദ്ധ്യായത്തി​ൽ തുടങ്ങി​ അലി​ഗഡ് യൂണി​വേഴ്സി​റ്റി​യി​ൽ അവി​ടത്തെ എല്ലാ പ്രഗത്ഭരെയും പരി​ചയപ്പെടുത്തുന്നുണ്ട്. എൻസൈക്ളോപീഡി​യയി​ലെ സഹപ്രവർത്തകരെയും എഴുത്തുകാരെയും പ്രത്യേകം പരി​ചയപ്പെടുത്തി​യി​ട്ടുണ്ട്. യൂണി​വേഴ്സി​റ്റി​യി​ലെ സ്കൂൾ ഒഫ് കമ്മ്യൂണി​ക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സയൻസസ് മേധാവി​യെന്ന നി​ലയി​ലും പ്രവർത്തി​ച്ചു. തന്റെ മാർഗനി​ർദ്ദേശത്തി​ൽ ഡോക്ടറേറ്റ് നേടി​യ 25ലധികം വിദ്യാർത്ഥികളെക്കുറിച്ചും അവരുടെ വിഷയങ്ങളെക്കുറിച്ചും ഈ കൃതിയിൽ പ്രതിപാദിക്കുന്നു.

സാഹിത്യസംഭവങ്ങൾ, അവിസ്മരണീയ മുഹൂർത്തങ്ങൾ, സ്മൃതിമാധുരി എന്നിങ്ങനെയുള്ള ഭാഗങ്ങളിൽ നൂറുകണക്കിന് മഹത്തുക്കളെ അദ്ദേഹം അവലോകനം ചെയ്യുന്നുണ്ട്. പത്രാധിപർ കെ. സുകുമാരനെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് കൃതിയിൽ.

ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങിടാത്ത പൊൻപേനയും എന്ന കുമാരനാശാന്റെ വരികൾ ഡോ. വെള്ളായണി അർജുനന് നന്നായി യോജിക്കും.

Advertisement
Advertisement