കുടുംബശ്രീ, ഞങ്ങളെ അഭിനേത്രികളാക്കി

Thursday 09 February 2023 10:11 PM IST

  • തിയേറ്ററുകളിൽ സാന്നിദ്ധ്യമറിയിച്ച ഗോത്രവനിതകളായി പുഷ്പയും വിജയയും

തൃശൂർ: പത്തുകൊല്ലം മുമ്പ് കുടുംബശ്രീ അനിമേറ്റർമാരായി ചേർന്നതാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ 43കാരികളായ പുഷ്പയും വിജയയും.

ആദിവാസി നൃത്തവും പാട്ടും അറിയാം. ആറ് കൊല്ലം മുമ്പ് തെരുവുനാടകത്തിലൂടെ അരങ്ങിലെത്തിയ ഇവർ ഇന്ന് അഭിനേത്രികളാണ്. കുടുംബശ്രീയുടെ ഭാഗമായി നടന്ന പരിപാടിയെ തുടർന്ന് ആദിവാസിനൃത്തവും പാട്ടും നാടകവുമൊക്കെയായി ഡൽഹി ഉൾപ്പെടെ 144 അരങ്ങുകളിലെ സാന്നിദ്ധ്യമായി.

പുതുരീതികൾ പഠിക്കാൻ ഇവരിപ്പോൾ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി 12 വരെ തൃശൂർ 'കില'യിലെ നാടക പരിശീലനത്തിനുമെത്തി. കളക്കാത്ത സന്ദനമേറെ... എന്ന പാട്ടിലൂടെ പ്രശസ്തയായ അട്ടപ്പാടി നഞ്ചമ്മയുടെ സംഘാംഗങ്ങളാണ് ഇരുവരും. കഴിഞ്ഞ രണ്ടിന് നഞ്ചമ്മയ്‌ക്കൊപ്പം കണ്ണൂരിലായിരുന്നു പരിപാടി. അതിന് മുമ്പ് ഡൽഹിയിൽ റിപ്പബ്‌ളിക് ദിനാഘോഷത്തിൽ ആദിവാസി സംഘനൃത്തം അവതരിപ്പിച്ചു.

തൃശൂർ, എറണാകുളം, ആലപ്പുഴ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വേറെയും പരിപാടികൾ. അന്താരാഷ്ട്ര നാടകോത്സവത്തിന് അട്ടപ്പാടിയിൽ നിന്നെത്തിയ ആദ്യ ഗോത്രവനിതകളെന്ന അഭിമാനവും കുടുംബശ്രീ കൾച്ചറൽ കോ - ഓർഡിനേറ്റർമാരായ ഇവർക്കുണ്ട്. അട്ടപ്പാടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥനും അയ്യപ്പനും കോശിയും സിനിമയിലെ അഭിനേതാവുമായ പളനിസ്വാമിയുടെ സഹായവുമുണ്ട്. വെള്ളിങ്കിരിയാണ് (കൃഷിപ്പണി) പുഷ്പയുടെ ഭർത്താവ്. മക്കൾ: പ്രവീൺ, വിസ്മയ. മുരുകനാണ് (കൂലിപ്പണി) വിജയയുടെ ഭർത്താവ്. മക്കൾ: രഞ്ജിത്ത്, രഞ്ജിത, ശ്രീജിത്ത്.

തെരുവുനാടകത്തിൽ തുടക്കം

തൃശൂർ രംഗചേതനയിലെ കെ.വി.ഗണേഷ്, ഇരുളഭാഷയിൽ തയ്യാറാക്കിയ, ആദിവാസികളിലെ ലഹരിക്കെതിരെയുള്ള തെരുവുനാടകത്തിലാണ് (നമ്മത് ജദ്ദ് - നമ്മുടെ ശബ്ദം) ഹരിശ്രീ കുറിച്ചത്. അട്ടപ്പാടിയിലെ 80 ഊരുകളിലും എറണാകളത്തും തൃശൂരിലും അരങ്ങേറി. വനംവകുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായുള്ള ഗണേഷിന്റെ 'കാട്ടുതീ'യിലും അഭിനയിച്ചു.

കുടുംബശ്രീയുടെ 'രംഗശ്രീ'

ശിൽപ്പശാലയിലെ 53 വനിതകളിൽ 30 പേർ കുടുംബശ്രീയുടെ തിയേറ്റർ ഗ്രൂപ്പായ 'രംഗശ്രീ' അംഗങ്ങളാണ്. ഇതര സംസ്ഥാനങ്ങളിലെ ഏഴുപേരുണ്ട്. അമേച്വർ നാടകങ്ങളിലുള്ളവരും വിവിധ തൊഴിൽ ചെയ്യുന്നവരുമായ 20 മുതൽ 50 വയസ് വരെയുള്ളവർ പങ്കെടുക്കുന്നു.

കുടുംബശ്രീയാണ് തുണയായത്. പുറംലോകവുമായി ബന്ധപ്പെടുമ്പോൾ പുതിയ അറിവ് ലഭിക്കുന്നു.

- പുഷ്പ, വിജയ

Advertisement
Advertisement