അമൃതം ഒരുക്കി മാതൃകയായി മടിക്കൈ കുടുംബശ്രീ കൂട്ടായ്മ
നീലേശ്വരം(കാസർകോട്): അമൃതം പൊടി ആദ്യമായി ഉത്പാദിപ്പിച്ച കാസർകോട് മടിക്കൈ പഞ്ചായത്തിലെ കാലിച്ചാംപൊതിയിലുള്ള യൂണിറ്റിന് ഇരുപത് വയസ്. ആറു മാസം മുതൽ മൂന്നു വയസ്സുവരെയുളള കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ് മറികടക്കാൻ കേരളത്തെ വലിയ തോതിൽ സഹായിച്ചതാണ് അമൃതം പൊടി. നിലവിൽ മൂന്ന് പഞ്ചായത്തുകൾക്ക് ന്യൂടിമിക്സ് നൽകുന്ന ഈ യൂണിറ്റിന്റെ ചുവടു പിടിച്ചാണ് കുടുംബശ്രീ മുഖേന എല്ലാ ജില്ലകളിലും അമൃതം പൊടിയുടെ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.
സെന്റർ പ്ലാന്റേഷൻ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.പി.സി.ആർ.ഐ) കൃഷിവിജ്ഞാൻ കേന്ദ്രയുമായി ചേർന്ന് അമൃതം ന്യൂട്രിമാക്സ് പൗഡറിന്റെ സാങ്കേതിക വിദ്യ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീക്ക് കൈമാറിയായിരുന്നു പരീക്ഷണം. കണ്ടംകുട്ടിച്ചാലിലെ എം.ലത, വി.വി.നളിനി, ടി.വി.ഷീന, പി.ശ്രീചിത്ര എന്നിവരാണ് കാലിച്ചാംപൊതി യൂണിറ്റിന്റെ നടത്തിപ്പുകാർ.
കാസർകോട് ജില്ലയിലിപ്പോൾ 13 അമൃതം യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്തും ജില്ലാപഞ്ചായത്തും ഇവരുടെ ശ്രമങ്ങൾക്ക് സമ്പൂർണപിന്തുണ നൽകിയിരുന്നു.
തുടക്കത്തിൽ പേടിച്ചു
2002 ആഗസ്റ്റിലാണ് യൂണിറ്റ് ആരംഭിച്ചത്. തുടക്കം പ്രയാസകരമായിരുന്നെങ്കിലും മെല്ലെമെല്ലെ അമൃതത്തിന്റെ മികവ് തിരിച്ചറിഞ്ഞുതുടങ്ങി. ഇന്ന് വായ്പാ തിരിച്ചടവിനൊപ്പം മാന്യമായ വേതനവും ഇവർക്കുണ്ട്. ആദ്യം പിടിച്ചുനിൽക്കാൻ പുട്ടുപൊടിയും ഗോതമ്പുപൊടിയുമൊക്കെ വിറ്റിരുന്നെങ്കിലും ഇപ്പോൾ അമൃതംപൊടി മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.
അമൃതം എന്ന പോഷകക്കൂട്ട്
ഗോതമ്പ്, സോയ, കപ്പലണ്ടി, കടല, പഞ്ചസാര ഇവ നിശ്ചിത അനുപാതത്തിൽ വറുത്തു പൊടിച്ചാണ് അമൃതം തയാറാക്കുന്നത്. കുട്ടികളുടെ തലച്ചോറിന്റെ വികാസം ലക്ഷ്യം വച്ചാണ് മിശ്രിതം രൂപപ്പെടുത്തിയത്. 500 ഗ്രാം പായ്ക്കറ്റുകളാക്കിയാണ് വിതരണം. ഒരു കുട്ടിക്ക് മാസം മൂന്നരകിലോഗ്രാമാണ് നൽകേണ്ടത്. പാലിലോ ചൂടുവെളളത്തിലോ പൊടി കുറുക്കി നൽകാം. കുട്ടികളുടെ രുചിക്കനുസരിച്ച് ഒട്ടേറെ വിഭവങ്ങളും തയാറാക്കാം.
കേരളത്തിന്റെ ആരോഗ്യരക്ഷ
ഇന്ന് കേരളമൊട്ടാകെ 254 കേന്ദ്രങ്ങളിലൂടെയാണ് വിതരണം. അതത് ജില്ലയിലേക്കുളള പൊടി തയാറാക്കി അംഗൻവാടികളിലൂടെ നൽകും. 2,000ലേറെ സ്ത്രീകൾ ഈ മേഖലയിലുണ്ട്. പാചകരീതികൾ പഠിപ്പിക്കുന്നതിന് വാർഡ്, പഞ്ചായത്തു തലങ്ങളിൽ ക്ലാസ്സുകൾ, പൊടി വൃത്തിയായും കൃത്യഅനുപാതത്തിലും തയാറാക്കുന്നതിന് പ്രോട്ടോക്കോൾ,യൂണിറ്റുകളെ നിരീക്ഷിക്കാൻ മോണിറ്ററിംഗ് കമ്മിറ്റി എന്നിവയും ഇന്നുണ്ട്. അംഗൻവാടികളിൽ എത്താത്ത കുട്ടികൾക്കും പൊടി സൗജന്യമാണ്. അംഗൻവാടികളിൽ പേര് രജിസ്റ്റർ ചെയ്യണമെന്നു മാത്രം.