ഉച്ചഭക്ഷണ പദ്ധതിയിൽ കുടുങ്ങി പ്രൈമറി പ്രധാനാദ്ധ്യാപകർ: അവാർഡ് വേണ്ട,​ ചിലവ് കാശെങ്കിലും....

Thursday 09 February 2023 10:22 PM IST

കണ്ണൂർ: എയിഡഡ് പ്രൈമറി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഡിസംബർ മുതലുള്ള ഫണ്ടിനായി കാത്തുകെട്ടി പ്രധാനാദ്ധ്യാപകർ. ഉച്ചഭക്ഷണം നൽകുന്നത് പൂർണമായും തങ്ങളുടെ ചുമതലയായ സാഹചര്യത്തിൽ നിലവിൽ ഗത്യന്തരമില്ലാത്ത സ്ഥിതിയിലാണ് തങ്ങളെന്നാണ് ഇവരുടെ ആവലാതി.

നൂറ്റമ്പത് വിദ്യാ‌ർത്ഥികൾ വരെ ഒരാൾക്ക് എട്ട് രൂപ വച്ചും 150 മുതൽ 500 വരെ ഏഴു രൂപയും 500 മുകളിൽ ഒരാൾക്ക് ആറ് രൂപയുമാണ് സർക്കാർ നൽകുന്നത്. 2016 സെപ്തംബർ അഞ്ചിന് നിശ്ചയിച്ച തുകയാണിത്. ഇതിന് ശേഷമുണ്ടായ വിലവർദ്ധനവ് കണക്കിലെടുക്കുമ്പോൾ ഈ തുക തീർത്തും അപര്യാപ്തമാണെന്നും ഇവർ പറയുന്നു. ഒരു കുട്ടിക്ക് പതിനഞ്ച് രൂപ വച്ച് ലഭിച്ചെങ്കിലേ പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണം നൽകാനാകുകയുള്ളൂവെന്നാണ് അദ്ധ്യാപകരുടെ അഭിപ്രായം.

കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നൽകുന്ന ധാന്യം, മാംസ്യം, കൊഴുപ്പ്, ധാതുക്കൾ തുടങ്ങിയ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ് മെനു തയ്യാറാക്കേണ്ടതെന്നാണ് സർക്കാർ ഉത്തരവ്.മികച്ചരീതിയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകൾക്ക് സർക്കാർ അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.

കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിലെ വൈവിധ്യം, വൃത്തി, മാലിന്യ നിർമ്മാർജ്ജനം, ഡ്രയിനേജ് തുടങ്ങിയ ഘടകങ്ങളും മ​റ്റും വിലയിരുത്തിയാണ് മികച്ച സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നത്.എന്നാൽ ഇതിനെല്ലാമാവശ്യമായ ഫണ്ട് മാത്രം സർക്കാർ സമയബന്ധിതമായി നൽകുന്നില്ല.

മറന്നു ആ ഇരുപത് രൂപ

പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു മുട്ട വീതവും (പുഴുങ്ങി മാത്രം ) ആഴ്ചയിൽ രണ്ട് പ്രാവശ്യം 150 മില്ലി ലി​റ്റർ തിളപ്പിച്ച പാലും നൽകണം. മുട്ട കഴിക്കാത്ത കുട്ടികൾക്ക് ഈ വിലയ്ക്കുള്ള നേന്ത്റപ്പഴവും നൽകേണ്ടതാണ്.എന്നാൽ മുട്ടയ്ക്കും പാലിനുമായി 20 രൂപ മാറ്റി വയ്ക്കുമെന്ന സർക്കാർ പ്രഖ്യാപനവും പാഴ് വാക്കായി.

പി.ടി.എ ഫണ്ടോ,​ അതെന്താണ് !

ഭൂരിഭാഗം പ്രൈമറി സ്കൂളുകളിലും പി.ടി.എ ഫണ്ട് കാര്യക്ഷമല്ല .അത് കൊണ്ട് തന്നെ സർക്കാർ ഫണ്ട് കൃത്യമായി ലഭിക്കാതായാൽ പ്രധാനാദ്ധ്യാപകർ തന്നെ ഫണ്ട് കണ്ടെത്താൻ നിർബന്ധിതരാവുകയാണ്.നിരവധി പ്രതിഷേധങ്ങളും സമരങ്ങളുമെല്ലാം ഇതിന്റെ പേരിൽ നടന്നുകഴിഞ്ഞു.സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളവും നവംബർ വരെ മാത്രമെ നൽകിയിട്ടുള്ളു.

Advertisement
Advertisement