യാത്രയ്‌ക്ക് ബദൽ മാർഗമാെരുക്കിയില്ല പേട്ട ഭഗത്‌സിംഗ് ലെയിനിൽ സിവറേജ് പൈപ്പ് സ്ഥാപിക്കാൻ നീക്കം

Friday 10 February 2023 1:20 AM IST

തിരുവനന്തപുരം:ജനങ്ങൾക്ക് ബദൽ യാത്രാമാർഗമൊരുക്കാതെ പേട്ട ഭഗത്‌സിംഗ് റോഡിൽ സിവറേജ് പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ തുടങ്ങാൻ നീക്കം. വാർഡ് കൗൺസിലറെ പോലും അറിയിക്കാതെയും തദ്ദേശവാസികൾക്ക് കൃത്യമായ അറിയിപ്പ് നൽകാതെയും ഇന്നുമുതൽ ജോലികൾ തുടങ്ങാനായിരുന്നു സിവറേജ് വകുപ്പ് അധികൃതരുടെ ആദ്യ തീരുമാനം. എന്നാൽ ഇതിനെതിരെ പലരും പ്രതിഷേധിച്ചതോടെ തീരുമാനം തത്ക്കാലം മാറ്റി. റോഡിന് നടുവിലായി നീളത്തിലുള്ള വലിയ കുഴിയെടുത്താണ് പൈപ്പിടുന്നത്. ഇതുകാരണം അതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിക്കും. ഇന്ന് സിവറേജ് വിഭാഗം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ,അസിസ്റ്റന്റ് എൻജിനിയർ,വാർഡ് കൗൺസിലർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്ഥലം സന്ദർശിച്ച് ജോലികൾ ചെയ്യുന്ന കാര്യം വിലയിരുത്തും. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മതി ജോലികളെന്ന കാര്യം ആലോചിക്കും.

ബദൽ വഴി പൊളിഞ്ഞ സ്ഥിതിയിൽ

സിവറേജ് പൈപ്പിടലിനായി ഭഗത്‌സിംഗ് റോഡ് കുഴിച്ചാൽ പകരം യാത്ര ചെയ്യാവുന്ന വഴിയാണ് കാക്കോട് ലെയിനിൽ നിന്ന് ആമയിഴഞ്ചാൻ തോടിന്റെ വശം വഴി കണ്ണമ്മൂലയെത്തുന്ന അനന്തപുരി ലെയിൻ. എന്നാൽ ആമയിഴഞ്ചാൻ തോടിന്റെ സൈഡ് വാൾ കെട്ടുന്ന ജോലികൾ അവിടെ നടക്കുന്നുണ്ട്. ഇതിനായി റോഡിന്റെ ഒരു വശം കുഴിച്ചും നിർമ്മാണ വാഹനങ്ങൾ കയറിയിറങ്ങിയും റോഡ് താറുമാറായി കിടക്കുകയാണ്. ഇത് കൂടാതെ നിർമ്മാണത്തിനിടയിൽ സൈഡ്‌വാൾ കെട്ടിയ ഒരു ഭാഗത്തെ റോഡിന്റെ വശം ഇടിഞ്ഞു താഴ്ന്നു.ഇതു പുനർനിർമ്മിക്കാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. സൈഡ്‌വാൾ കെട്ടിയാലേ ഇവിടത്തെ റോഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കാനാകൂ. ഒന്നര വർഷമായി കോൺട്രാക്ടറുടെ അനാസ്ഥ കാരണം ഈ ജോലിയും ഇഴയുകയാണ്. 100ഓളം കുടുംബങ്ങൾ താമസിക്കുന്ന ഭഗത്‌സിംഗ് ലെയിനിൽ നിന്ന് മെയിൻ റോഡിലെത്താനുള്ള പ്രധാന വഴിയും അവതാളത്തിലായ സാഹചര്യത്തിൽ ജനങ്ങൾ

ഒന്നാകെ ദുരിതത്തിലാകും. അനന്തപുരി ലെയിൻ റോഡ് സഞ്ചാരയോഗ്യമാക്കിയിട്ട് മാത്രമേ ഭഗത്‌സിംഗ് ലെയിനിൽ സിവറേജ് പൈപ്പിടൽ ജോലികൾ തുടങ്ങാവൂവെന്നാണ് ജനങ്ങളുടെ ആവശ്യം.രണ്ട് വർഷം മുൻപ് ഭഗത് സിംഗ് റോഡിൽ ഒരു ഓട നഗരസഭ നിർമ്മിച്ചെങ്കിലും അത് ഇതുവരെ പ്രധാന ലൈനിലേക്ക് ബന്ധിപ്പിച്ചിട്ടില്ല. മഴയുണ്ടായാൽ ഇവിടെ ഓട നിറഞ്ഞ് വെള്ളക്കെട്ടുണ്ടാകും.