കുറവൻകോണം അതിക്രമം: ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവിൽ

Friday 10 February 2023 1:42 AM IST

തിരുവനന്തപുരം: കുറവൻകോണത്ത് കഴിഞ്ഞ ദിവസം യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവിലാണെന്ന് പ്രതിയുടെ മൊഴി.

പ്രതി വൈശാഖന് യുവതിയെ മുൻപരിചയമില്ലെന്ന് പൊലീസ് പറയുന്നു. സ്വന്തം കാറിൽ ഇവിടെ പതിവായെത്തിയിരുന്ന പ്രതി യുവതിയെ പതിവായി നിരീക്ഷിച്ചിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ സമാന കുറ്റകൃത്യം മുൻപ് ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല.

വീണ്ടും സുരക്ഷ കൂട്ടി

മ്യൂസിയത്ത് അതിക്രമങ്ങൾ പതിവായതോടെ വീണ്ടും സുരക്ഷ വർദ്ധിപ്പിച്ചു. എസ്.ഐയുടെ നേതൃത്വത്തിൽ ദിവസവും രാത്രികാല പട്രോളിംഗ് ഉണ്ടാകും. കൂടാതെ മൂന്ന് കൺട്രോൾ റൂം വാഹനം രണ്ട്ബൈക്ക് പട്രോളിംഗ്,പിങ്ക് പൊലീസ് സംഘം എന്നിവരും സുരക്ഷയൊരുക്കും.ആറ് പോയിന്റുകളാണ് നേരത്തെ സുരക്ഷയ്‌ക്കായി നിശ്ചയിച്ചിരുന്നതെങ്കിലും ഇതിലേറെ പോയിന്റുകളിൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.