അർദ്ധരാത്രി എം.ഡി.എം.എ വില്പന, യുവാക്കൾ പിടിയിൽ
തിരുവനന്തപുരം : അർദ്ധരാത്രി ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് വീര്യം കൂടിയ ലഹരിവസ്തുവായ എം.ഡി.എം.എ വില്പന നടത്തുന്ന യുവാക്കളെ എക്‌സൈസ് പിടികൂടി. കേളേശ്വരം ആലുവിള സ്വദേശി അജയ് കൃഷ്ണ (28) പഴയ കാരയ്ക്കാമണ്ഡപം സ്വദേശി രാഹുൽ രാജൻ (27) എന്നിവരാണ് 31.51 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ കേളേശ്വരം ഭാഗത്ത്
കെ.എൽ.21.കെ.1744 എന്ന ഹോണ്ട ഡിയോ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ സംശയം തോന്നി തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.
ഇവരിൽ നിന്ന് എം.ഡി.എം.എ വാങ്ങാനെത്തുന്നവർ ഇവർക്കിടയിലെ സുപരിചിതമായ ചില കോഡുകൾ പറഞ്ഞാണ് സാധനം വാങ്ങുന്നത്. കേളേശ്വരം പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിന്റെ പ്രധാനികളാണ് പിടിയിലായതെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. അജയ് കൃഷ്ണ ബംഗളൂരുവിൽ പോയി വൻതോതിൽ എം.ഡി.എം.എ വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശത്തെ ചെറുപ്പക്കാർ രാത്രികാലങ്ങളിൽ വീട്ടുകാരറിയാതെ ഇവരുടെ സങ്കേതങ്ങളിലെത്തി എം.ഡി.എം.എ വാങ്ങി ഉപയോഗിച്ച് നേരം പുലരുന്നന്നതിന് മുൻപ് വീടുകളിൽ ആരുമറിയാതെ തിരിച്ചെത്തുകയാണ് പതിവ്. ആദ്യം തുച്ഛമായ രൂപയ്ക്ക് എം.ഡി.എം.എ നൽകുന്ന സംഘം യുവാക്കൾ വരുതിയിലായാൽ വില വർദ്ധിപ്പിക്കുമെന്നും എക്‌സൈസ് കണ്ടെത്തി. സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ ഷിബുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽ കുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻ, സുരേഷ് ബാബു, ആരോമൽ രാജൻ,അക്ഷയ് സുരേഷ്,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മഞ്ചു വർഗീസ്, ഡ്രൈവർ അനിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.