12 വയസുകാരനോട് ലൈംഗിക അതിക്രമം, പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Friday 10 February 2023 12:50 AM IST

ആറ്റിങ്ങൽ: 12 വയസുകാരനോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് വ്യത്യസ്ഥ കുറ്റങ്ങളിലായി 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. വഞ്ചിയൂർ കടവിള സ്വദേശി സജി (35)ക്കാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് പ്രഭാഷ് ലാൽ. ടി.പി ശിക്ഷ വിധിച്ചത്. 2017 വർഷത്തിലെ സ്കൂൾ വേനലവധിക്കാലത്താണ് കേസിനാസ്‌പദമായ സംഭവം.

സമീപവാസിയായ കുട്ടി കളിക്കാനെത്തിയ സമയത്ത് പ്രതി പീഡനത്തിന് ശ്രമിക്കുകയും, ഓടിപ്പോയ കുട്ടിയെ മിഠായി കൊടുത്ത് വശീകരിച്ച് ആൾത്താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നുമാണ് കേസ്. കുട്ടി ആദ്യ ദിവസങ്ങളിൽ ആരോടും വിവരം പറഞ്ഞില്ലെങ്കിലും ദിവസങ്ങൾക്കുശേഷം കൂട്ടുകാരൻ വഴി മാതാവ് അറിയുകയും തുടർന്ന്‌ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 35 വയസ്സുകാരനായ പ്രതി 12 വയസ്സുകാരനെതിരെ നടത്തിയ അതിക്രമത്തിന് കഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റം തെളിയിക്കപ്പെട്ട പ്രകാരം 10 വർഷം കഠിനതടവും 50,000/- രൂപ പിഴ ശിക്ഷയും പ്രതിക്ക് കോടതി വിധിച്ചു. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2017ൽ ആറ്റിങ്ങൽ പൊലീസ് സബ് ഇൻസ്പെക്ടർ തൻസിം അബ്ദുൽ സമദ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ എം. അനിൽകുമാർ കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.