തുർക്കിയിൽ ബാലികയെ രക്ഷിച്ച് ഇന്ത്യൻ സംഘം

Friday 10 February 2023 4:09 AM IST

ന്യൂഡൽഹി: തുർക്കിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യം നടത്തുന്ന ഇന്ത്യൻ ദുരന്തനിവാരണ സേന തകർന്ന കെട്ടടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ആറുവയസുകാരിയെ രക്ഷിച്ചു. തുർക്കിയിലെ നുർദഗി മേഖലയിലെ ഗാസിയാന്റെയിലായിരുന്നു ദൗത്യം. ബെറെൻ എന്ന് പേരുള്ള പെൺകുട്ടിയെ വീണ്ടെടുത്ത ഇന്ത്യൻ സംഘം അവളെ ബ്ലാങ്കറ്റ് പുതപ്പിച്ച് സ്‌ട്രെച്ചറിൽ കിടത്തി ആശുപത്രിയിലേക്ക് മാറ്റി.

ഒാപ്പറേഷൻ ദോസ്‌തിന്റെ ഭാഗമായി രക്ഷാപ്രവർത്തകരും ഡ്രില്ലിംഗ് ഉപകരണങ്ങളും മണംപിടിക്കാൻ കഴിവുള്ള നായ്‌ക്കളും മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമായി വ്യോമസേനയുടെ ആറാം വിമാനം ഇന്നലെ തുർക്കിയിലെത്തിയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു. തുർക്കിയിലെ ഹതായയിൽ ഇന്ത്യൻ ദുരന്തനിവാരണ സേന സജ്ജമാക്കിയ ആശുപത്രിയുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കിട്ടു. 30 കിടക്കകളുള്ള ആശുപത്രിയിൽ എക്‌സ്‌റേ, ഒാപ്പറേഷൻ തിയറ്റർ, വെന്റിലേറ്റർ സൗകര്യങ്ങളുണ്ട്.