സൂര്യാഘാതമേറ്രുളള മരണം: അപകട ഇൻഷ്വറൻസ് പരിധിയിൽ വരില്ല

Friday 10 February 2023 4:12 AM IST

ന്യൂഡൽഹി: സൂര്യാഘാതമേറ്റുളള മരണം അപകട ഇൻഷ്വറൻസിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി. ബീഹാറിൽ തിരഞ്ഞെടുപ്പ് ജോലിക്കിടെ സൂര്യാഘാതമേറ്റ് കോൺസ്റ്റബിൾ മരിച്ച സംഭവത്തിലാണ് ജസ്റ്റിസ് എസ്.കെ. കൗൾ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി. 2000ൽ ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചവർക്ക് നാഷണൽ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്ന് ഇൻഷ്വറൻസ് ഏർപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ജോലിക്കിടെ സൂര്യാഘാതമേറ്റ് കോൺസ്റ്റബിൾ മരിച്ചതിനെ തുടർന്ന് ഭാര്യ ഇൻഷ്വറൻസ് തുകയായ പത്ത് ലക്ഷം ആവശ്യപ്പെട്ട് പാട്ന ഹൈക്കോടതിയെ സമീപിച്ചു. അനുകൂല വിധി ഉണ്ടായെങ്കിലും സൂര്യാഘാതമേറ്റുളള മരണം അപകട ഇൻഷ്വറൻസിന്റെ പരിധിയിൽ വരില്ലെന്ന് കാട്ടി കമ്പനി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഇത് ശരിവച്ചാണ് സുപ്രീംകോടതി ഉത്തരവ്.