ഖാർഗെയുടെ 'അദാനി' പരാമർശങ്ങളും രേഖകളിൽ നിന്ന് നീക്കി

Friday 10 February 2023 1:57 AM IST

ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അദാനി വിഷയത്തിൽ നടത്തിയ പരാമർശങ്ങൾ, ആധികാരികമല്ലെന്ന അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറുടെ റൂളിംഗിനെ തുടർന്ന് രേഖകളിൽ നിന്ന് നീക്കം ചെയ്‌തു. പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളുടെ സമ്പത്ത് രണ്ടര വർഷത്തിനുള്ളിൽ 12 മടങ്ങ് വർദ്ധിച്ചെന്ന പ്രസ്‌താവനയുൾപ്പെടെ നീക്കം ചെയ്‌തു. എം.പിമാർ പ്രസംഗത്തിൽ പറയുന്ന കാര്യങ്ങളുടെ ആധികാരികത തെളിയിക്കേണ്ട ആവശ്യമില്ലെന്ന് അദ്ധ്യക്ഷനെഴുതിയ കത്തിൽ ഖാർഗെ വ്യക്തമാക്കി.

ഭരണഘടനയുടെ 105-ാം വകുപ്പ് എം.പിമാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്ന് ഖാർഗെ കത്തിൽ പറയുന്നു. ഒരു അംഗം സഭയുടെ മേശപ്പുറത്ത് വയ്ക്കുന്ന രേഖ ആധികാരികമാകേണ്ടതുണ്ട്. എന്നാൽ പ്രസംഗത്തിലെ പരാമർശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ വ്യവസ്ഥയില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ സഭാചട്ടങ്ങളുപയോഗിച്ച് അട്ടിമറിക്കാനാകില്ല. വാർത്തകളും മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും അടിസ്ഥാനമാക്കി പ്രതിപക്ഷം സഭയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണെന്നും ഖാർഗെ പറഞ്ഞു. ലോക്‌സഭയിൽ അദാനി-മോദി ബന്ധം ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾ നീക്കം ചെയ്‌തതിൽ പ്രതിഷേധിച്ച് സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരി സ്‌പീക്കർ ഓം ബിർളയ്ക്കും കത്തെഴുതി.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ 'അദാനി-മോദി ഭായ് ഭായ്' മുദ്രാവാക്യം വിളിച്ചാണ് പ്രസംഗത്തിലെ ഭാഗങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്‌തതിലുള്ള രോക്ഷം പ്രതിപക്ഷം പ്രകടിപ്പിച്ചത്.