ഹിൻഡൻബർഗ് റിപ്പോർട്ട്; ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

Friday 10 February 2023 2:59 AM IST

ന്യൂ ഡൽഹി: അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കിയ ഹിൻഡൻബർഗ് റിപ്പോർട്ടിന്മേൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവർത്തകരായ രണ്ട് അഭിഭാഷക‌ർ സമർപ്പിച്ച ഹർജികളാണുള്ളത്. അദാനി പ്രശ്നത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരിക്കെയാണ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക് വരുന്നത്.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് പൊതുതാത്പര്യഹർജി സമർപ്പിച്ച അഡ്വ. വിശാൽ തിവാരി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിനോട് ഇന്നലെ ആവശ്യപ്പെട്ടു. സമാന സ്വഭാവമുളള മറ്റൊരു ഹർജി ഇന്ന് പരിഗണിക്കാനിരിക്കുകയാണെന്നും റിപ്പോർട്ട്‌ രാജ്യത്തിന്റെ പ്രതിഛായയെയും സാമ്പത്തിക രംഗത്തെയും പ്രതികൂലമായി ബാധിക്കുകയാണെന്നും ഹർജിക്കാരൻ ആരോപിച്ചു. ഇതോടെ, മറ്റ് ഹർജികൾക്കൊപ്പം വിശാൽ തിവാരി സമർപ്പിച്ച ഹർജി ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ്‌ ഉറപ്പ് നല്കുകയായിരുന്നു.

ഹിൻഡൻബർഗ് ഗവേഷണ റിപ്പോർട്ടിലെ ഉളളടക്കം വിശദമായി അന്വേഷിക്കണം. ഇതിനായി വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുളള സമിതി രൂപീകരിക്കണമെന്ന് പൊതുതാത്പര്യഹർജിയിൽ ആവശ്യപ്പെട്ടു.

പൊതുപ്രവർത്തകനായ അഡ്വ. മനോഹർലാൽ ശർമയാണ് മറ്റൊരു പരാതിക്കാരൻ. ഹിൻഡൻബർഗ് സ്ഥാപകനായ നഥാൻ ആൻഡേഴ്സനെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ സെബിക്ക് കൈമാറുന്നതിൽ നഥാൻ ആൻഡേഴ്സൻ പരാജയപ്പെട്ടു. മാധ്യമ റിപ്പോർട്ടുകൾ ഓഹരി വിപണിയെ ബാധിക്കുന്നു. 'ഷോർട്ട് സെല്ലിംഗ്'' തട്ടിപ്പിന്റെ പരിധിയിൽ കൊണ്ടുവന്ന് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.