കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചിത്ര രാമകൃഷ്‌ണയ്‌ക്ക് ജാമ്യം

Friday 10 February 2023 2:11 AM IST

ന്യൂഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസിൽ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ സി. ഇ. ഒ. ചിത്ര രാമകൃഷ്‌ണയ്‌ക്ക് ഡൽഹി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ചിലെ ജീവനക്കാരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ജാമ്യം. ഫോൺ ചോർത്തൽ കളളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി.

ചിത്ര രാമകൃഷ്‌ണ കുറ്റം ചെയ്‌തില്ലെന്ന് വിശ്വസിക്കാനുള്ള കാരണങ്ങൾ പ്രഥമദൃഷ്‌ട്യാ തന്നെയുണ്ടെന്ന് ജാമ്യം അനുവദിച്ചുക്കൊണ്ട് ജസ്റ്റിസ് ജസ്മീത് സിംഗ് നിരീക്ഷിച്ചു. അവർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പരാതിയില്ല. തട്ടിപ്പിനിരയാക്കിയെന്ന് പരാതിയുളള ആരെയും കണ്ടെത്താൻ ഇ.ഡിക്ക് സാധിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചിത്ര ഫോൺ ചോർത്തലിന്റെ മുഖ്യ സൂത്രധാരയാണെന്നായിരുന്നു ഇ.ഡിയുടെ വാദം.

രാജ്യം വിടരുത്, അന്വേഷണസംഘവുമായി സഹകരിക്കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ബോണ്ടുകൾ കെട്ടിവയ്‌ക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ. ഏഴ് മാസമായി ജുഡിഷ്യൽ കസ്റ്റഡിയിലാണ് ചിത്ര. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട സി.ബി.ഐ. കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.