രാത്രിയിലെ ബസ് സർവീസ് ഓട്ടോ തൊഴിലാളികൾ തടഞ്ഞു

Friday 10 February 2023 1:48 AM IST

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്ക് രാത്രിയിൽ സർവീസ് നടത്തിയ ബസ് വടക്കെനടയിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിലെ തൊഴിലാളികൾ തടഞ്ഞു. ബസിന് പെർമിറ്റില്ലെന്ന് പറഞ്ഞാണ് തൊഴിലാളികൾ തടഞ്ഞിട്ടത്. രാത്രി 8.50 ന് തോംസൺ എന്ന ലിമിറ്റഡ്‌സ്റ്റോപ്പ് ബസാണ് കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്ക് പോയിരുന്നത്. കൊവിഡാനന്തരം ഈ സർവീസ് നിറുത്തി വച്ചിരുന്നു. രാത്രികാലങ്ങളിൽ കൊടുങ്ങല്ലൂരിൽ നിന്നും 8.15 കഴിഞ്ഞാൽ തൃശൂരിലേക്ക് ബസ് ഇല്ലാതായതോടെ പിന്നീട് നഗരത്തിലെത്തുന്നവർ അമിത പണം ചെലവാക്കി ഓട്ടോ റിക്ഷയോ കാറോ വിളിച്ചായിരുന്നു വീടുപിടിച്ചിരുന്നത്.

ബസ് ഇല്ലാത്തത് കേരളകൗമുദി വാർത്തയാക്കിയതോടെ ഓടാതിരുന്ന ബസ് ഓടി തുടങ്ങി. ഇതിനിടെ ബസ് മാറി സർവീസ് നടത്തിയതാണ് പ്രശ്‌നമായത്. പകരം സർവീസ് നടത്താൻ വന്ന ബസിന്റെ പെർമിറ്റ് ചോദ്യം ചെയ്തതാണ് ബുധനാഴ്ച രാത്രി ഓട്ടോറിക്ഷ തൊഴിലാളികൾ ബസ് തടഞ്ഞിട്ടത്. ഈ സമയം സ്ത്രീകൾ ഉൾപ്പെടെ ബസിൽ യാത്രക്കാരുടെ നല്ല തിരക്കായിരുന്നു. കണ്ടക്ടർ ടിക്കറ്റും കൊടുത്തു. ഇതിനിടെ മുന്നോട്ടു നീങ്ങി കൊണ്ടിരിന്ന ബസ് ഓട്ടോ റിക്ഷ തൊഴിലാളികൾ തടയുകയായിരുന്നു. ഇതോടെ യാത്രക്കാർ പെരുവഴിയിലായി.