ബി.ജെ.പി കളക്ടറേറ്റ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം

Friday 10 February 2023 2:10 AM IST

തൃശൂർ : സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും നികുതി കൊള്ളയ്ക്കുമെതിരെ ബി.ജെ.പി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ള പ്രവർത്തകർ നിലത്തുവീണു. മാർച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ ധൂർത്തും ആർഭാടവുമാണ് കേരളത്തെ കടക്കെണിയിലാക്കിയത്. ഈ ദുർവ്യയത്തിന് പണമുണ്ടാക്കാൻ പിണറായി പിടിച്ചുപറി നടത്തുകയാണ്. തട്ടിപ്പിൽ നിന്നും വെട്ടിപ്പിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണ കവചമൊരുക്കേണ്ട ജനാധിപത്യ സർക്കാർ തന്നെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടിമാരായ അഡ്വ.കെ.ആർ ഹരി, ജസ്റ്റിൻ ജേക്കബ്, സുജയ് സേനൻ, ബിജോയ് തോമസ്, എൻ.ആർ റോഷൻ, ധന്യ, വിൻഷി, വി.സി. ഷാജി, രഘുനാഥ്, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.