ഷീയെ പറ്റി പരാമർശം: ബൈഡനെതിരെ ചൈന

Friday 10 February 2023 6:22 AM IST

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ദുർബലമായ സമ്പദ്‌വ്യവസ്ഥ അടക്കം ' വൻ പ്രശ്നങ്ങൾ " നേരിടുകയാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അന്താരാഷ്ട്ര വ്യാപാരം സംരക്ഷിക്കണമെന്നതിനാൽ അമേരിക്കയുമായി ഏറ്റുമുട്ടാനുള്ള കഴിവ് ചൈന നിയന്ത്രിച്ചിരിക്കുകയാണെന്നും ഷീയുടെ പദവി അദ്ദേഹത്തിന് ആസ്വദിക്കാൻ കഴിയുന്നില്ലെന്നും ബൈഡൻ പറഞ്ഞു.

ഷീയ്ക്കെതിരെയുള്ള ബൈഡന്റെ പരാമർശങ്ങൾ തീർത്തും നിരുത്തരവാദിത്വപരമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു. ബൈഡന്റെ പരാമർശങ്ങളിൽ തങ്ങൾ ശക്തമായ അതൃപ്തി അറിയിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. ബുധനാഴ്ച യു.എസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിനിടെ ചാര ബലൂൺ വിഷയത്തിൽ ബൈഡൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുമായി യോജിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബന്ധമാണെങ്കിലും തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയായാൽ തിരിച്ചടിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.

Advertisement
Advertisement