വ്ലാഡിമിർ പുട്ടിനെ കണ്ട് അജിത് ഡോവൽ

Friday 10 February 2023 6:24 AM IST

മോസ്കോ : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി മോസ്കോയിൽ വച്ച് കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തിയ ഡോവൽ പുട്ടിനുമായി പ്രാദേശിക, ഉഭയകക്ഷി വിഷയങ്ങളിൽ ഇന്നലെ ചർച്ച നടത്തി. ഇന്ത്യ - റഷ്യ തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇരുവരും ചർച്ചയിൽ ധാരണയായെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ അജിത് ഡോവൽ പങ്കെടുത്തിരുന്നു. റഷ്യ, ഇറാൻ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, ചൈന, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ പുട്ടിനും എത്തിയിരുന്നു. യോഗത്തിനിടെ അഫ്ഗാൻ ജനതയുടെ ക്ഷേമത്തിനും മാനുഷിക ആവശ്യങ്ങൾക്കും ഊന്നൽ നൽകിയ ഡോവൽ, അഫ്ഗാൻ ജനതയെ ഇന്ത്യ ഒരിക്കലും കൈവിടില്ലെന്നും വ്യക്തമാക്കി. എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും പ്രാതിനിധ്യമുള്ളതുമായ സർക്കാർ അഫ്ഗാനിൽ വേണെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം ഭീകരതയ്ക്കെതിരെ കൂട്ടായ പോരാട്ടം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി.

Advertisement
Advertisement