ഇൻഡോനേഷ്യയിൽ ഭൂചലനം: 4 മരണം

Friday 10 February 2023 6:25 AM IST

ജക്കാർത്ത : ഇൻഡോനേഷ്യയിലെ പാപ്പുവയിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാല് മരണം. മൂന്ന് സെക്കൻഡ് മാത്രം നീണ്ട ഭൂചലനത്തിൽ കടലിൽ തകർന്നു വീണ ഒരു കഫേയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഹാർബറിനോട് ചേർന്ന് നിർമ്മിച്ചതായിരുന്നു കഫെ. ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം.നിരവധി കെട്ടിടങ്ങൾക്ക് കേടുപറ്റ.ി

പാപ്പുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപ്പുരയ്‌ക്ക് സമീപം 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രം. തുടർ ചലന മുന്നറിയിപ്പുണ്ടെങ്കിലും സുനാമി സാദ്ധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു.

2004 ഡിസംബർ 26ന് ഇൻഡോനേഷ്യൻ ദ്വീപായ സുമാത്രയിൽ കടലിനടിയിൽ 9.1 തീവ്രതയുള്ള ഭൂകമ്പം സൃഷ്ടിച്ച സുനാമിയിൽ ഇൻഡോനേഷ്യയും ഇന്ത്യയുമടക്കം 14 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലേറെ പേർ മരിച്ചിരുന്നു.

ഈ വർഷം ജനുവരി 2 മുതൽ ചെറുതും വലുതുമായ 1,079 ഭൂചലനങ്ങളാണ് പാപ്പുവയിൽ രേഖപ്പെടുത്തിയത്. ഇതിൽ 132 എണ്ണമാണ് പ്രദേശവാസികൾക്ക് അനുഭവപ്പെട്ടത്.

ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ വരുന്ന ഇൻഡോനേഷ്യ.

Advertisement
Advertisement