യൂറോപ്യൻ ജീവിതം തകർക്കാൻ റഷ്യ ആഗ്രഹിക്കുന്നു: സെലെൻസ്കി

Friday 10 February 2023 6:26 AM IST

ബ്രസൽസ് : യുക്രെയിന്റെയും യൂറോപ്പിന്റെയും ജീവിത രീതി തകർക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. ഇന്നലെ ബെൽജിയത്തിലെ ബ്രസൽസിൽ യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയിന്റെ യൂറോപ്യൻ യൂണിയൻ പ്രവേശനത്തിനായി ഊന്നൽ നൽകിയ അദ്ദേഹം കൂടുതൽ ടാങ്കുകളും ദീർഘ ദൂര മിസൈലുകളും നൽകണമെന്നും ആവശ്യപ്പെട്ടു. യുക്രെയിന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പിന്തുണ ആവർത്തിച്ചു.

ബുധനാഴ്ച ബ്രിട്ടണിലെത്തിയ സെലെൻസ്കി ഇന്നലെ പാരീസിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനെയും കണ്ടിരുന്നു. അതേ സമയം, യുക്രെയിന് പാശ്ചാത്യ യുദ്ധവിമാനങ്ങൾ നൽകുന്നത് അവർക്ക് കൂടുതൽ വേദനകൾ നൽകാൻ കാരണമാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.