ബൊൽസൊനാരോ എവിടെ ?​

Friday 10 February 2023 6:30 AM IST

മയാമി : ബ്രസീൽ... ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യം. 214 ദശലക്ഷം ജനങ്ങളുടെ വീട്. ജനുവരി 1ന് ഇടത് നേതാവും മുൻ പ്രസിഡന്റുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ അധികാരമേൽക്കുന്നത് വരെ തീവ്ര വലതുപക്ഷ നേതാവ് ജെയ്‌ർ ബൊൽസൊനാരോ ആയിരുന്നു ബ്രസീലിന്റെ പ്രസിഡന്റ്. ലൂലയുടെ സത്യപ്രതിജ്ഞയ്ക്ക് മുന്നേ ബ്രിസീലിൽ നിന്ന് യു.എസിലെ ഫ്ലോറിഡയിലേക്ക് പോയ ബൊൽസൊനാരോ ഇപ്പോൾ എവിടെയാണ്. ?​

ഫ്ലോറിഡയിലെ ഓർലാൻഡോയിൽ സാധാരണക്കാരെ പോലെ ജീവിക്കുന്നു. ഏകനായി കെ.എഫ്.സി പോലുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിലെത്തി ഭക്ഷണം ആസ്വദിക്കുന്നു.! ജനുവരി ആദ്യം ബ്രസീലിൽ അരങ്ങേറിയ കലാപങ്ങളുടെ പേരിൽ രാജ്യത്തെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ബൊൽസൊനാരോയ്ക്കെതിരെ അന്വേഷണം തുടരുന്നതിനിടെയാണ് അദ്ദേഹം ഫ്ലോറിഡയിൽ സ്വതന്ത്രമായി ജീവിക്കുന്നത്.

ഒക്ടോബറിൽ നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ലൂലയ്ക്ക് മുന്നിൽ നേരിയ ഭൂരിപക്ഷത്തിനാണ് ബൊൽസൊനാരോ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ബൊൽസൊനാരോ രംഗത്തെത്തിയിരുന്നു. ലൂല പ്രസിഡന്റായതോടെ അദ്ദേഹത്തെ പുറത്താക്കണമെന്നും ബൊൽസൊനാരോയെ തിരികെയെത്തിക്കണമെന്നും കാട്ടി ആയിരക്കണക്കിന് ബൊൽസൊനാരോ അനുകൂലികളാണ് ജനുവരി 8ന് രാജ്യ തലസ്ഥാനമായ ബ്രസീലിയയിലെ പാർലമെന്റ്, സുപ്രീംകോടതി, പ്രസിഡൻഷ്യൽ പാലസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ കലാപം നടത്തിയത്. ആയിരത്തിലേറെ പേർ സംഭവത്തിൽ അറസ്റ്റിലായിരുന്നു. ഡിസംബർ അവസാനം രാജ്യംവിട്ട ബൊൽസൊനാരോ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വാദിച്ചിരുന്നു.

ഫ്ലോറിഡയിൽ ഡിസ്നി വേൾഡ് റിസോർട്ടിന് സമീപമാണ് ബൊൽസൊനാരോ ഇപ്പോൾ താമസം. ഇത് മുൻ ബ്രസീലിയൻ മാർഷൽ ആർട്സ് ചാമ്പ്യൻ ജോസ് ആൽഡോയുടെ ഉടമസ്ഥതയിലുള്ള വീടാണ്. യു.എസിലെത്തിയതിന് പിന്നാലെ പൊതുവെ പൊതുജന ശ്രദ്ധയിൽ നിന്ന് അകന്നാണ് ബൊൽസൊനാരോയുടെ ജീവിതം.

ബൊൽസൊനാരോ അടുത്തുള്ള സൂപ്പർ മാർക്കറ്റുകളിൽ സന്ദർശനം നടത്തുന്നതിന്റെയും കെ.എഫ്.സി റെസ്റ്റോറന്റിൽ ഒറ്റയ്ക്കിരുന്ന് ചിക്കൻ കഴിക്കുന്നതിന്റെയും ഫോട്ടോകൾ പുറത്തുവന്നിരുന്നു. ഈ മാസം ആദ്യം മയാമിക്ക് സമീപം യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ നടന്ന പരിപാടിയിൽ 400 ഓളം അനുകൂലികളെ ബൊൽസൊനാരോ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

പരിപാടിയുമായി ട്രംപിന് ബന്ധമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ബ്രസീലിയൻ വംശജർ നടത്തുന്ന ചെറിയ പരിപാടികളിലും ബൊൽസൊനാരോ പങ്കെടുക്കുന്നുണ്ട്. അതേ സമയം,​ ആറ് മാസം കൂടി രാജ്യത്ത് തുടരാൻ പുതിയ വിസയ്ക്കായി ബൊൽസൊനാരോ യു.എസ് അധികൃതരെ സമീപിച്ചിട്ടുണ്ട്. ബൊൽസൊനാരോ ബ്രസീലിലേക്ക് മടങ്ങിയെത്തുമോ എന്ന് വ്യക്തമല്ല.