എന്തൊക്കെ കാണണമെന്ന് ദിയ

Saturday 11 February 2023 12:31 AM IST
diya

നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻസ്റ്റഗ്രാം താരവുമായ ദിയ കൃഷ്ണയുടെ പ്രണയവുമായി ബന്ധപ്പെട്ട വാർത്തകൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ദിയ പ്രണയത്തകർച്ചയിലാണെന്നും അവരുടെ മനസിലെ വേദനകളാണ് ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ കാണപ്പെടുന്നത് എന്നായിരുന്നു പ്രേക്ഷകരുടെ കണ്ടെത്തൽ. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് ദിയ രംഗത്തുവന്നിരിക്കുകയാണ്. എന്തൊക്കെ കാണണം എന്നാണ് ദിയയുടെ ആദ്യ പ്രതികരണം. തന്റെ പേരിൽ വന്ന ഓൺലൈൻ വാർത്തയുടെ സ്‌ക്രീൻഷോട്ട് സഹിതം പങ്കുവച്ചാണ് ദിയയുടെ പ്രതികരണം. ആരാധകരുമായി സംവദിക്കുന്നതിനിടെ ദിയ പങ്കുവച്ച ചില വാക്കുകളാണ് പ്രണയം തകർന്നെന്ന സംശയത്തിലേക്ക് എത്തിച്ചത്.

ജീവിതത്തിൽ നിന്ന് ഏവരും കൂടുതൽ പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ്? ആ പാഠങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കിയിട്ടുണ്ടോ? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനു ദിയ നൽകിയ മറുപടി കുടുംബത്തെയല്ലാതെ ആരെയും വിശ്വസിക്കരുതെന്നായിരുന്നു. ഇപ്പോൾ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നൽകി. ആരെയുമില്ല. സിംഗിൾ ആസ് എ പ്രിങ്കിൾ എന്നാണ് ദിയയുടെ മറുപടി. ഇതോടെ ദിയ ബ്രേക്കപ്പ് ആയെന്നും പ്രണയത്തകർച്ചയുടെ വേദനയിലാണെന്നും പ്രേക്ഷകർ എത്തിച്ചേർന്നു.