വെള്ളരിക്കുണ്ട് ആർ.ടി ഓഫീസിൽ വിജിലൻസ് റെയ്ഡ് 52270 രൂപ പിടികൂടി

Friday 10 February 2023 9:00 PM IST

കൈകൂലി നൽകാൻ ഏജന്റുമാരുടെ ക്യൂ

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സബ് ആർ.ടി.ഓഫീസിൽ കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കയ്യിൽ നിന്ന് അനധികൃതമായി കൈവശം വെച്ച 7,130 രൂപയും ക്യാബിനിൽ കൈക്കൂലി നൽകാൻ എത്തിയ ആറ് ഏജന്റുമാരിൽ നിന്നും 45,140 രൂപയും പിടിച്ചെടുത്തു.

കൈകൂലി നൽകാൻ ക്യൂ നിൽക്കുകയായിരുന്ന ഏജന്റുമാരിൽ നിന്നാണ് ഇത്രയും തുക പിടികൂടിയത്. വെള്ളിയാഴ്ച നടന്ന ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ടാണ് കൈക്കൂലി നൽകാൻ ആർ.ടി. ഓഫീസിൽ ഏജന്റുമാർ എത്തിയത്. എഴുപതോളം പേരാണ് ഇന്നലെ ടെസ്റ്റിന് ഹാജരായത്. വിജിലൻസ് ടീം രാവിലെ ടെസ്റ്റ് ഗ്രൗണ്ട് മുതൽ രഹസ്യമായി പിന്തുടർന്നാണ് ഓഫീസിൽ വച്ച് പണം പിടിച്ചത്. അസി.സബ് ഇൻസ്പെക്ടർ വി.ടി. സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.കെ.രഞ്ജിത് കുമാർ, സിവിൽ പൊലീസ് ഓഫീസർ കെ.പ്രമോദ് കുമാർ, ടി.വി.രതീഷ്, ജില്ലാ പ്ലാനിംഗ് ഓഫിസിലെ അസിസ്റ്റന്റ് ടൗൺ പ്ലാനർ പി.വി.ബൈജു എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായി.

Advertisement
Advertisement