തലശേരി- മാഹി ബൈപ്പാസ് അണിഞ്ഞൊരുങ്ങി; ഉദ്ഘാടനത്തിന് കാത്തിരിക്കണം

Friday 10 February 2023 9:14 PM IST

കണ്ണൂർ: നിർമ്മാണം പൂർത്തിയായെങ്കിലും തലശ്ശേരി–മാഹി ബൈപാസ് തുറന്നുകിട്ടാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വിവരം. റോഡിന്റെയും സർവ്വീസ് റോഡുകളുടെയും പണി ഏതാണ്ട് പൂർത്തിയായെങ്കിലും മാഹി റെയിൽവേ മേൽപ്പാലത്തിന്റെ ഗർഡറുകൾ പൂർത്തിയാക്കാൻ റെയിൽവേ ശ്രദ്ധ വെക്കാത്തതാണ് മലബാറിലെ സ്വപ്നപദ്ധതിയെ വൈകിപ്പിക്കുന്നത് .മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ. എൻ. ഷംസീറും നേരിട്ട് ഇടപെട്ട് നിർമ്മാണം വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും റെയിൽവെയുടെ മുടന്തൻ ന്യായങ്ങൾ തിരിച്ചടിയാവുകയാണ്.

മാഹി റെയിൽവെ മേൽപ്പാലത്തിന്റെ 42 ഗർഡറുകളിൽ പകുതി പോലും ആയില്ല. ചെന്നൈയിൽ നിന്നാണ് ഇവ കൊണ്ടുവരേണ്ടത്. ഇതു കൊണ്ടുവന്നാലും ഘടിപ്പിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് സ്ഥിതി. ബൈപാസിലെ ബാലം പാലത്തിന്റെ അനുബന്ധ പാലവും പൂർത്തിയായി.

റെയിൽവെ പരിശോധന കുരുക്ക്

മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെയുള്ള നിർദിഷ്ട ബൈപാസിൽ മാഹി അഴിയൂരിലെ റെയിൽവേ മേൽപാല നിർമ്മാണം റെയിൽവേയുടെ മേൽനോട്ടത്തിലാണ്. പ്രവൃത്തിയുടെ ഓരോ ഘട്ടവും റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി പരിശോധിക്കണം. അടുത്ത ഘട്ടം തുടങ്ങാനുള്ള ഉദ്യോഗസ്ഥരുടെ അനുമതിയും കിട്ടണം.ഇതാണ് മേൽപാലം പണി ഇഴയുന്നത്.ബാലം പാലം കഴിഞ്ഞ് ഇരുവശത്തും അവശേഷിക്കുന്ന പ്രദേശം ചതുപ്പായതിനാൽ അനുബന്ധ റോഡ് നിർമ്മാണം വെള്ളക്കെട്ടിന് ഇടയാക്കുമെന്ന പരാതി ഉയർന്നിരുന്നു. ഇതു പരിഹരിക്കാനായി അനുബന്ധ റോഡിനു പകരം ബാലം പാലത്തിന് ഇരുകരകളിലുമായി പാലം നീട്ടി പണിയുകയും ചെയ്തു.

ചതുപ്പ് മണ്ണിട്ടു നികത്തിയാൽ മഴക്കാലത്തു പ്രദേശം വെള്ളത്തിനടിയിലാകുമെന്നും കനത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ അനുബന്ധ റോഡിന്റെ പ്രവൃത്തി തടഞ്ഞിരുന്നു. വെള്ളക്കെട്ടിനു പരിഹാരമായി ചതുപ്പിലും പാലം നിർമ്മിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.പരിസരവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നു ചതുപ്പിൽ 67 മീറ്റർ നീളത്തിൽ അനുബന്ധ പാലം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.ചില സ്ഥലങ്ങളിൽ സർവീസ് റോഡിന്റെ സ്ഥലമേറ്റെടുപ്പും പൂർത്തിയാകാനുണ്ട്.2022ൽ ബൈപാസ് ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയുമെന്നായിരുന്നു അധികൃതർ അവസാനം പറഞ്ഞിരുന്നത്.

തലശ്ശേരി മാഹി ബൈപാസ്

മുഴപ്പിലങ്ങാട് മുതൽ അഴിയൂർവരെ.

18.6 കി.മി

മതിപ്പ് ചെലവ് - 883 കോടി

പൂർത്തിയാകുമ്പോൾ-1800 കോടി

സ്ഥലം ഏറ്റെടുക്കാൻ തുടങ്ങിയത്- 1977

പ്രവൃത്തി തുടങ്ങിയത് 2017ൽ

30 മാസംകൊണ്ട് പൂർത്തിയാക്കാൻ കരാർ