ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രം പാട്ടുൽസംസമാപിച്ചു : ദർശനപുണ്യം നൽകി പുതിയാറമ്പൻ തെയ്യം

Friday 10 February 2023 9:17 PM IST

തൃക്കരിപ്പൂർ: ചൂട്ടേന്തിയ വാല്യക്കാരുടെ അണമുറിയാത്ത ആർപ്പുവിളികൾക്കൊപ്പം നടന്നു നീങ്ങിയ കലശത്തെ എതിരേൽക്കാൻ ആചാരപ്പെരുമയിൽ പുതിയാറമ്പൻ കെട്ടിയാടി. ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് സമാപനമായാണ് ക്ഷേത്ര മതിലിന് പുറത്ത് ധീരയോദ്ധാവായ പുതിയാറമ്പന്റെ തെയ്യം കെട്ടിയാടിയത്.

അറുപത്തിയഞ്ചോളം പന്നിച്ചൂട്ടുകളുടെയും കലശക്കുടത്തിന്റെയും അകമ്പടിയോടെയാണ് പുതിയാറമ്പന്റെ എഴുന്നള്ളത്ത് നടന്നത്. അള്ളടത്തായിരോനും കോലത്തായിരോനും തമ്മിലുള്ള യുദ്ധത്തിൽ മടിയൻ നായരച്ഛന് തുണയായിപ്പോയ പടനായകനാണ് പുതിയാറമ്പൻ. ഏറെ കാഴ്ചാനുഭവം പകരുന്ന പുതിയാറമ്പന്റെ പുറപ്പാടും കലശ മെഴുന്നള്ളത്തും കാണാൻ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി ആയിരങ്ങളാണ് ഉദിനൂർ ക്ഷേത്രപാലക സന്നിധിയിലെത്തിയത്. കിലോമീറ്ററുകൾക്കപ്പുറം പയ്യന്നൂർ പെരുമാളിൻ തെക്കുപടിഞ്ഞാറ് ഏഴിമലയിൽ നിന്ന് ചെക്കിപ്പൂവിനെ വ്രതശുദ്ധിയാൽ നുള്ളിയെടുത്ത് പച്ചോലക്കൊട്ടയിൽ വെച്ചാണ് കലശം അലങ്കരിക്കാനായി വലിയവീട് തറവാട്ടിലേക്ക് എത്തിച്ചത്.

പുലർച്ചെ ഒരു മണിയോടെ അറുപത്തിയഞ്ചോളം ഭീമൻ ചൂട്ടുകളുടെ അകമ്പടിയോടെ വലിയവീട് തറവാട്ടിൽനിന്ന് ആരംഭിച്ച കലശം എഴുന്നള്ളത്ത് സ്വീകരിക്കാൻ തെക്കെനടമുതൽ വാളും പരിചയുമേന്തി പുതിയാറമ്പൻ തെയ്യവും അണിനിരന്നു. ഉദിനൂർക്ഷേത്രപാലക ക്ഷേത്രത്തിൽ മാത്രമുള്ള ചടങ്ങാണിത്. പാടാർ കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, വടക്കേൻ വാതിൽക്കൽ ഭഗവതി എന്നീ തെയ്യക്കോലങ്ങളും തുടർന്ന് അരങ്ങിലെത്തി.