പൊള്ളലേറ്റവർക്ക് നൂതന ചികിത്സ; മെഡിക്കൽ കോളേജിൽ ബേൺസ് ഐസിയു

Saturday 11 February 2023 4:23 AM IST

തിരുവനന്തപുരം : പൊള്ളലേറ്റവർക്ക് അടിയന്തര വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്തി ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ നൂതന സംവിധാനങ്ങളോടുകൂടിയ ബേൺസ് ഐ.സി.യു മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമായി.എട്ട് ഐ.സി.യു കിടക്കകൾ,വെന്റിലേറ്ററുകൾ, മൾട്ടിപാര മോണിറ്റർ,അണുബാധ കുറയ്ക്കുന്നതിനുള്ള ഹെപാ ഫിൽട്ടർ തുടങ്ങിയ ആധുനിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്.

സർക്കാരിന്റ മൂന്നാമത്തെ നൂറു ദിന കർമ്മപരിപാടിയോടനുബന്ധിച്ച് ബേൺസ് ഐസിയു ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 3.46 കോടി രൂപയോളം ചെലഴിച്ചാണ് പഴയ സർജിക്കൽ ഐ.സി.യുവിന്റെ സ്ഥലത്ത് സർജറി,പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളുടെ നേതൃത്വത്തിൽ ബേൺസ് ഐ.സി.യു സ്ഥാപിച്ചത്.നഴ്സസ് സ്റ്റേഷൻ,നഴ്സസ് റൂം,ഡ്യൂട്ടി ഡോക്ടർ റൂം എന്നിവയുമുണ്ട്.ബേൺസ് ഐ.സി.യുവിൽ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധ ഏൽക്കുന്നത് പരമാവധി കുറയ്ക്കാനും വേഗത്തിൽ രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും സഹായിക്കും.15 ശതമാനം മുതൽ പൊള്ളലേറ്റ രോഗികൾക്കുള്ള വിദ്ഗ്ദ്ധ ചികിത്സയാണ് ഈ ഐ.സി.യുവിലൂടെ നൽകുന്നത്.

സ്‌കിൻ ബാങ്ക് ഉടൻ

കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്ക് ബേൺസ് ഐ.സി.യുവിനോടനുബന്ധിച്ച് ഉടൻ സജ്ജമാകും. മരണപ്പെട്ട ആളിൽ നിന്ന് ത്വക്ക് ശേഖരിച്ചുവയ്ക്കുകയും അത് അത്യാവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയുമാണ് സ്‌കിൻ ബാങ്കിലൂടെ ചെയ്യുന്നത്.