കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടാക്രമണം: അന്വേഷണം മെഡി. കോളേജ് ആശുപത്രി കേന്ദ്രീകരിച്ചും

Saturday 11 February 2023 1:36 AM IST

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ വാടക വീടിനു നേരെ ബുധനാഴ്ച അർദ്ധരാത്രിയുണ്ടായ ആക്രമണത്തിൽ പൊലീസ് അന്വേഷണം മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ചും. മന്ത്രിയുടെ വീടിന് സമീപത്തുള്ള സി.സി .ടി വികൾ പരിശോധിച്ചപ്പോഴുണ്ടായ സംശയങ്ങളുടെ അടിസ്ഥാനത്തിലാണിത്.അക്രമി എത്തിയത് മെഡിക്കൽ കോളേജ് ആശുപത്രി ഭാഗത്തു നിന്നാകാമെന്നാണ് പൊലീസ് വിലയിരുത്തൽ.

സമീപത്തെ വീടുകളിലെ സി.സി.ടിവികൾ പരിശോധിച്ചെങ്കിലും മന്ത്രിയുടെ വീടിന് അഭിമുഖമായി കാമറകൾ ഇല്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി.ഇപ്പോൾ സമീപത്തെ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന റസിഡന്റ്സ് അസോസിയേഷന്റെയും സ്ഥാപനങ്ങളിലെയും കാമറകളാണ് പരിശോധിക്കുന്നത്. ആക്രമണം നടന്ന സമയം അറിയാത്തതു കാരണം വൈകിട്ട് മുതലുള്ള എല്ലാ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വീടിന് സമീപത്തെ ഇടറോഡുകളും പരിശോധിക്കുന്നുണ്ട്. കൂടാതെ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെയും അകത്തെയും കാമറകൾ പരിശോധിക്കും.

അക്രമി വീടിന് മുന്നിലെ ജനൽചില്ല് ഇടിച്ച് പൊട്ടിച്ചപ്പോൾ ഉണ്ടായ മുറിവിൽനിന്നുള്ള രക്തത്തുള്ളികളാണ് മുറ്റത്ത് കണ്ടതെന്നാണ് പൊലീസ് ഉറപ്പിച്ച് പറയുന്നത്. ആ മുറിവുമായി അക്രമി വീടിനുമുകളിലും മറ്റും നടന്നപ്പോഴാണ് രക്തക്കറ അവിടടെ വീണതെന്നാണ് പൊലീസ് പറയുന്നത്.അങ്ങനെയാണെങ്കിൽ അക്രമി വീടിന് പുറത്തുപോകുമ്പോഴും രക്തക്കറ കാണപ്പെടണം.എന്നാൽ വീട് കോമ്പൗണ്ടിന് പുറത്തോ മറ്റിടങ്ങളിലോ രക്തത്തുള്ളികൾ കാണപ്പെട്ടില്ലെന്നതു ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. മോഷണ ശ്രമമാകാം എന്ന സംശയത്തിലാണ് പൊലീസ് .കഴക്കൂട്ടം സൈബർ സെൽ അസി. കമ്മിഷണർ സി.എസ്. ഹരിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സി.ഐ ഹരിലാൽ അടങ്ങുന്ന സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

Advertisement
Advertisement