11 ലക്ഷം രൂപയുടെ വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: പ്രതികൾ പിടിയിൽ

Saturday 11 February 2023 12:51 AM IST

തിരുവനന്തപുരം: വിദേശ കറൻസി നൽകാമെന്നുപറഞ്ഞ് യുവാവിനെ കബളിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാനക്കാരായ മൂന്നംഗസംഘത്തെ പൊലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ ലബിലു (27), അസാനൂർ റഹ്മാൻ (32), ഡൽഹി സ്വദേശി രാജു ഷെയ്ക്ക് (36) എന്നിവരെയാണ് കരമന പൊലീസ് ഇന്നലെ പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കരമന സ്വദേശി ശ്രീരാഗിനോട് 11 ലക്ഷം രൂപയുടെ യു.എ.ഇ ദിർഹം 7 ലക്ഷം രൂപയ്ക്ക് നൽകാമെന്ന് സംഘം വിശ്വസിപ്പിച്ചു. തുടർന്ന് കരമന ചിലന്തിവല ക്ഷേത്രത്തിന് സമീപത്തുവച്ച് 7 ലക്ഷം രൂപ കൈപ്പറ്റിയ പ്രതികൾ വിദേശ കറൻസിയാണെന്ന് പറഞ്ഞ് പേപ്പർ ചുരുളുകൾ അടങ്ങിയ ബാഗ് ശ്രീരാഗിന് നൽകി കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാലയ്ക്ക് സമീപം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻ‌ഡ് ചെയ്തു.