യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റിലിട്ട സംഭവം: പ്രധാന പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു
കാട്ടാക്കട : യുവതിയുടെ ചിത്രം അശ്ലീല വെബ്സൈറ്റിലിട്ട സംഭവത്തിൽ പൂവച്ചൽ ആലമുക്ക് സ്വദേശിയായ പ്രധാന പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കുറ്റം സമ്മതിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചെന്നും ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നും ഒത്തുതീർക്കാൻ ശ്രമിച്ചവർ തന്നെയാണ് കേസന്വേഷണം നടത്തുന്നതെന്നും യുവതി ആരോപിക്കുന്നു. അതേസമയം പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണും അടക്കമുള്ളവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും കാട്ടാക്കട ഡിവൈ.എസ്.പി അറിയിച്ചു.
സംഭവത്തിൽ ഒത്തുതീർപ്പിന് നിർബന്ധിച്ച കാട്ടാക്കട എസ്.എച്ച്.ഒക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും ഇനിയും വിശദീകരണം തേടിയിട്ടില്ല. ഒന്നാം തീയതി നൽകിയ പരാതിയിൽ തെളിവെടുപ്പ് നടത്തിയത് എട്ടാം തീയതിയാണ്. പ്രതികൾക്ക് തെളിവ് നശിപ്പിക്കാൻ സമയം നൽകുകയായിരുന്നു.എട്ടുപേർക്കെതിരെ കേസെടുത്തിട്ടും എല്ലാ പ്രതികളെയും ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ല.
പ്രതികളിലൊരാളായ പ്രദേശത്തെ പ്രമുഖ വ്യാപാരിയുടെ രാഷ്ട്രീയ സ്വാധീനത്തിൽ ഇരയായ യുവതിക്ക് പൊലീസ് നീതി നിഷേധിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽ നിന്നും മെസേജുകൾ വന്നു. വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഫോട്ടോ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയായിരുന്നു.