പിരിക്കാൻ മടി പിഴിയാൻ എളുപ്പം

Saturday 11 February 2023 12:00 AM IST

ബഡ്‌ജറ്റിൽ നാലായിരം കോടിയോളം രൂപയുടെ അധിക നികുതി ബാദ്ധ്യത സാധൂകരിക്കുന്നതിന് സർക്കാർ മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾക്ക് ഒട്ടുംതന്നെ വിശ്വാസ്യതയില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം. സർക്കാരിനു പിരിഞ്ഞുകിട്ടാനുള്ള പണത്തിന്റെ കണക്ക് കഴിഞ്ഞ ദിവസം പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.എ.ജിയുടെ ആധികാരികമായ റിപ്പോർട്ടിലും ഇനം തിരിച്ച് കുടിശിക എത്രയെന്ന് സ്പഷ്ടമായി പറയുന്നുണ്ട്. സർക്കാർ തുടർച്ചയായി വരുത്തിക്കൊണ്ടിരിക്കുന്ന വീഴ്ചകൾക്ക് സംസ്ഥാനത്തെ ജനങ്ങളെ ഒന്നാകെ ക്രൂശിക്കുകയാണ് പുതിയ നികുതി നിർദ്ദേശങ്ങളിലൂടെ. ധനമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയും എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും വിശ്വാസ്യതയുടെ അടിത്തറ തീരെ ദുർബലമാണ്.

ക്ഷേമപെൻഷൻ മുടങ്ങാതിരിക്കാനും സാമ്പത്തികവളർച്ച ത്വരിതപ്പെടുത്താനും സംസ്ഥാനത്തെ സാമ്പത്തികമായി ഞെരിച്ചു കശക്കുന്ന കേന്ദ്രസമീപനത്തെ മറികടക്കാനും വേണ്ടി ഇതല്ലാതെ മറ്റു വഴികളില്ലെന്നു ആവർത്തിച്ചു പറയുമ്പോഴും ഖജനാവിലേക്ക് എത്തേണ്ടതായ ബഹു കോടികൾ പിരിക്കാൻ എന്തേ നടപടി എടുക്കുന്നില്ലെന്ന് ആരും ചോദിച്ചുപോകും. ധനവകുപ്പിന്റെ വീഴ്ചകൾക്ക് ജനങ്ങൾ എങ്ങനെ ഉത്തരവാദികളാകും? പല കാരണങ്ങളാൽ സാധാരണക്കാരുടെ നിത്യജീവിതം കൂടുതൽ ക്ളേശകരമായിക്കൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം സർക്കാർ അറിയാത്തതൊന്നുമല്ല. ആ സാഹചര്യത്തിൽ കഴിവതും പുതിയ ഭാരം അടിച്ചേല്പിക്കാതിരിക്കുകയല്ലേ വേണ്ടത്? സാർവത്രികമായ വിലക്കയറ്റത്തിന് വഴിമരുന്നിടുന്ന ഇന്ധന സർച്ചാർജിന്റെ കാര്യം തന്നെയെടുക്കാം. രണ്ടുരൂപയുടെ വർദ്ധനയല്ലേ ഉള്ളൂ. നിസാരമായി താങ്ങാവുന്നതല്ലേയുള്ളൂ എന്നാണ് ന്യായീകരണമെങ്കിൽ തീർത്തും തെറ്റാണത്. ഇന്ധനത്തിനു മേൽ ചുമത്തുന്ന ഏതു പുതിയ ഭാരവും വിചാരിക്കാത്തത്ര പ്രത്യാഘാതങ്ങളാണ് വിപണിയിൽ സൃഷ്ടിക്കുക. സ്വന്തം വാഹനങ്ങളുള്ളവരെ നേരിട്ടു ബാധിക്കുന്നതിനേക്കാൾ വലിയ തോതിലാകും അതു സാധാരണക്കാരെ ബാധിക്കാൻ പോകുന്നത്. പുതുതായി സെസ് ചുമത്തുന്നതിലൂടെ അധികമായി 750 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പിരിച്ചെടുക്കാൻ 34,000 കോടി രൂപ കിടക്കുന്നിടത്ത് ഈ 750 കോടി രൂപ എത്ര തുച്ഛമാണ്. ജനങ്ങളെ പിഴിയാൻ എളുപ്പമാണ്. കിട്ടാനുള്ള നികുതി പിരിക്കാനാണ് മടി.

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതുകൊണ്ടും അർഹമായ വിഹിതം നിഷേധിക്കുന്നതുകൊണ്ടുമാണ് ഇങ്ങനെയെല്ലാം ചെയ്യേണ്ടിവന്നതെന്നാണ് സർക്കാർ വിശദീകരണം. മുൻകാലങ്ങളിൽ സർക്കാർ പറയുന്നത് അപ്പടി വിശ്വസിക്കാൻ ജനം തയ്യാറാകുമായിരുന്നു. കാരണം അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനുമേൽ വലിയ തിരശീല ഇട്ടിരുന്നു. ഇന്നിപ്പോൾ ഏതു സർക്കാർ രേഖയും പൊതുമണ്ഡലത്തിലും ലഭ്യമായതിനാൽ ഒന്നും മറച്ചുവയ്ക്കാനാകില്ല. സർക്കാരിന്റെ വരവുചെലവ് കണക്കുകൾ അറിയാൻ ആർക്കും സാധിക്കും. സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ ഏതാണ്ട് നാലിലൊരു ഭാഗം വരും കുടിശിക. ഗുരുതരമായ ക്രമക്കേടുകളും നാനാതരം വീഴ്ചകളും റവന്യൂ പിരിവിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനൊപ്പം ധൂർത്തും ധാരാളിത്തവും കൂടിയാകുമ്പോൾ മുടങ്ങുന്നത് നിർദ്ധന വിഭാഗങ്ങൾക്കുള്ള പലവിധ സഹായങ്ങളാണ്. പണവും സ്വാധീനവുമുള്ള വമ്പന്മാർക്ക് ഇളവുകൾ അനുവദിക്കുന്നതിലൂടെ വളരെയധികം വരുമാനനഷ്ടം ഉണ്ടാകുന്നുണ്ട്.

ജനങ്ങൾ സഹർഷം പുതിയ നികുതികളെ സ്വാഗതം ചെയ്തുകൊള്ളുമെന്ന നിലപാടും ശരിയല്ല. ഭരണകൂടം അടിച്ചേല്പിക്കുന്ന ഏതു അധികഭാരവും ശിരസാവഹിക്കാൻ ജനങ്ങൾ നിർബന്ധിതരാവുകയാണ് ചെയ്യുന്നത്. അവരുടെ മുമ്പിൽ മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണത്. വിലക്കയറ്റം തടയാൻ 2000 കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നാൽ പുതിയ ഇന്ധന സെസ് സൃഷ്ടിക്കുന്ന വിലക്കയറ്റം ഇതിലും അധികമായിരിക്കുമെന്നറിയാൻ വിശേഷജ്ഞാനം വേണ്ട.