സാംക്രമിക രോഗങ്ങൾക്ക് പിന്നാലെ ഭക്ഷ്യവിഷ ബാധയും: പ്രതിസന്ധികളിൽ കുരുങ്ങി കർഷകർ

Saturday 11 February 2023 12:13 AM IST

കോട്ടയം: കറവപ്പശുക്കൾക്ക് ചർമ്മ മുഴയും പിന്നാലെ ഭക്ഷ്യ വിഷബാധയും. പിന്നെ ആഫ്രിക്കൻ പന്നിപ്പനി, പിന്നാലെ പക്ഷിപ്പനി. ഇങ്ങനെ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള സാംക്രമിക രോഗങ്ങളിൽ വലയുകയാണ് ജില്ലയിലെ കർഷകർ.
ഒഡീഷയിൽ തുടങ്ങിയ ചർമ്മുഴ ജില്ലയിലെത്താൻ അധികം വേണ്ടിവന്നില്ല. പശുക്കളുടെ പാലുത്പാദനവും പ്രത്യുത്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറഞ്ഞു. ചർമ്മ മുഴയുടെ വാക്സിൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ക്ഷീരമേഖലയെ അപ്പാടെ പിടിച്ചുലച്ച ഭക്ഷ്യ വിഷബാധ.

കാലിത്തീറ്റയുടെ പ്രശ്നം മൂലം ഇതുവരെ രണ്ട് പശുക്കൾ ചത്തു. നൂറിലെറെ പശുക്കളുടെ പാൽ പകുതിയായി കുറഞ്ഞു. ചൂട് കാലമായതോടെ പാലിന്റെ അളവിൽ സ്വാഭാവിക കുറവുണ്ടായതിന് പിന്നാലെയാണ് ഭക്ഷ്യ വിഷബാധയുമെത്തിയത്. പല പശുക്കളും വിഷബാധയിൽ നിന്ന് തിരികെ വരുന്നതേയുള്ളൂ. ഭക്ഷ്യ വിഷബാധയേറ്റ പശുക്കളുടെ പാല് വാങ്ങാൻ ആളുകൾ മടിക്കുന്നതാണ് മറ്റൊരു പ്രതിസന്ധി.

 പന്നിപ്പനി, പക്ഷിപ്പനി

ഭരണങ്ങാനം, മുളക്കുഴ, ആർപ്പൂക്കര, പൈക എന്നിവിടങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചപ്പോൾ ക്രിസ്മസിനായി വളർത്തിയ പന്നികളെ കൂട്ടമായാണ് കൊന്നത്. പന്നിക്കുഞ്ഞുങ്ങളുടെ വിപണിയും തളർച്ചയിലാണ്.പുതിയ നിക്ഷേപത്തിനും കർഷകർ മടിക്കുകയാണ്. വലിയ ഫാമുകൾ പലതും ബ്രീഡിംഗ് നിറുത്തി. പന്നിപ്പനി ഭീതി മാറിയിൽ വിപണി വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ.

 ഒടുങ്ങാത്ത പക്ഷിപ്പനി

ഡിസംബറിൽ തുടങ്ങിയ പക്ഷിപ്പനി ഇതുവരെ അവസാനിച്ചിട്ടില്ല. തലയാഴം, ആർപ്പൂക്കര പഞ്ചായത്തുകളിൽ തുടങ്ങി ഇപ്പോൾ പനച്ചിക്കാട്ടാണ് ചെന്ന് നിൽക്കുന്നത്. 50 ലക്ഷം രൂപയോളം കർഷകർക്ക് നഷ്ടപരിഹാരവും ലഭിക്കാനുണ്ട്.

എല്ലാം നഷ്ടക്കച്ചവടം

 കുത്തനെ ഉയർന്ന തീറ്റവില

 രോഗങ്ങൾ മൂലമുള്ള നഷ്ടം.

 ഇടനിലക്കാരുടെ ചൂഷണം

 മരുന്നുകളുടെ വില വർദ്ധനവ്

'ചത്ത പശുക്കൾക്ക് ഇൻഷുറൻസില്ലെങ്കിൽ 15,000 രൂപവരെ ക്ഷീര വകുപ്പിന്റെ നഷ്ടപരിഹാരം ലഭിക്കും".

- ശാരദ, ജില്ലാ ക്ഷീരവികസന വകുപ്പ് ഓഫീസർ

Advertisement
Advertisement