സംഘർഷത്തിലമർന്ന് കളക്‌ടറേറ്റ്

Saturday 11 February 2023 12:17 AM IST

കോട്ടയം: ജനദ്രോഹ ബഡ്ജറ്റിലും വെള്ളക്കര വർദ്ധനവിലും പ്രതിഷേധിച്ച് ജില്ലയിൽ യൂത്ത് കോൺ​ഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാട്ടർ ബലൂൺ എറിഞ്ഞതോടെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഗാന്ധിസ്ക്വയറിൽ നിന്നുള്ള മാർച്ച് കളക്ടറേറ്റ് കവാടത്തിൽ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധ യോ​ഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമിത നികുതിഭാരം അടിച്ചേൽപ്പിച്ച് ജനങ്ങളെ പിഴിഞ്ഞ തിരുവിതാംകൂർ ഭരണാധികാരി സി.പിയുടെ ഗതിയാകും പിണറായി വിജയനുമെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് പ്രസം​ഗിച്ചതിന് തൊട്ടുപിന്നാലെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. വാട്ടർ ബലൂണും എറിഞ്ഞു. പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചതോടെ ചിന്റു കുര്യൻ ജോയി, ടോം കോര, വിഷ്ണു ചേമുണ്ടവള്ളി, തോമസ്കുട്ടി തുടങ്ങിയവർക്ക് പരിക്കേറ്റു. കണ്ണിന് സാരമായി പരിക്കേറ്റ കെ.എസ്.യു കിടങ്ങൂർ നിയോജകമണ്ഡലം സെക്രട്ടറി തോമസ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിരിയാൻ കൂട്ടാക്കാതെ പ്രവർത്തകർ പൊലീസിന് നേരെ കൊടിയും ചെരിപ്പും പട്ടിക കഷ്ണങ്ങളും എറിഞ്ഞു. കല്ലേറിൽ കളക്ടറേറ്റി​ന്റെ പുതിയ കവാടത്തിലെ ബോർഡിന് കേടുപാടുകളുണ്ടായി.

 ചെടികൾ പിഴുതെറിഞ്ഞു.
കളക്ടറേറ്റിൽ പുതിയ കവാടം നിർമ്മിച്ചതിന് ശേഷമുണ്ടായ മൂന്ന് പ്രകടനങ്ങൾ അക്രമാസക്തമായി. കളക്ടറേറ്റ് കവാടത്തിനു മുമ്പിൽ നിരനിരയായി നട്ടിരുന്ന ചെടികളും ഇന്നലെ പ്രവർത്തകർ പിഴുത് പൊലീസിന് നേരെ പ്രയോ​ഗിച്ചു.

Advertisement
Advertisement