കതിന നിറയ്ക്കുന്നതിനിടെ തീപിടിച്ചു:രണ്ടുപേർക്ക് പൊള്ളലേ​റ്റു

Saturday 11 February 2023 12:25 AM IST
കതിന

ചേർത്തല : ചേർത്തല വടക്കും മുറി അർത്തുങ്കൽ അറവുകാട് ദേവീ ക്ഷേത്രത്തിൽ കതിന നിറയ്ക്കുന്നതിനിടെ തീപിടിച്ചു. രണ്ടുപേർക്ക് പൊള്ളലേ​റ്റു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാംവാർഡ് കിഴക്കേവെളി അശോകൻ(60) മൂന്നാംവാർഡ് പുളിക്കച്ചിറ പ്രകാശൻ(52)എന്നിവർക്കാണ് പൊള്ളലേ​റ്റത്. ഉത്സവത്തിനു മുന്നോടിയായി നടക്കുന്ന പറയ്‌ക്കെഴുന്നള്ളിപ്പ് ചടങ്ങിന്റെ ഭാഗമായി വെടി വഴിപാട് നടത്തുന്നതിനായി കതിന നിറയ്ക്കുന്നതിനിടെ ഇന്നലെ രാവിലെ 7.30 ഓടെയാണ് അപകടം. നിറച്ചുകൊണ്ടിരുന്ന കതിനയ്ക്ക് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. നിറയ്ക്കുന്ന കതിനയ്ക്ക് അടുത്തിരുന്ന മ​റ്റൊരു കതിനയ്ക്കും തീപിടിച്ചതോടെയാണ് ഇരുവർക്കും പൊള്ളലേ​റ്റത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മുഖം ഉൾപ്പെടെ 80 ശതമാനത്തിലധികം പൊള്ളലേ​റ്റ അശോകനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാ​റ്റി.ഉത്സവത്തോടനുബന്ധിച്ച് താത്കാലികമായി വെടിക്കെട്ട് നടത്തുന്നതിനായാണ് ഇരുവരും എത്തിയത്. അല്ലാത്ത സമയങ്ങളിൽ ഇവർ മത്സ്യബന്ധനത്തിനും പോകാറുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികൾക്കെതിരേയും അപകടത്തിന് കാരണമായ കരിമരുന്ന് ഉപയോഗിച്ചവർക്കെതിരേയും കേസെടുത്തതായി അർത്തുങ്കൽ സി.ഐ പി.ജി.മധു പറഞ്ഞു.