ശമ്പളം വർദ്ധിപ്പിച്ചു; ഹൗസ് ബോട്ട് തൊഴിലാളികൾ സമരം പിൻവലിച്ചു 

Saturday 11 February 2023 12:28 AM IST
ഹൗസ് ബോട്ട്

ആലപ്പുഴ: തൊഴിലാളികളുടെ ശമ്പളം വർധിപ്പിച്ചതിനെ തുടർന്ന് ഹൗസ്ബോട്ട് തൊഴിലാളികൾ പ്രഖ്യാപിച്ചിരുന്ന മേഖലയിൽ സമരം പിൻവലിച്ചു. അടിസ്ഥാന ശമ്പളം 12,000 രൂപയിൽ നിന്ന് 14,000 രൂപയായും, പ്രതിദിനബാറ്റ 290ൽ നിന്ന് 350 രൂപയുമായാണ് വർദ്ധിപ്പിച്ചത്. പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ലേബർ ഓഫീസിലാണ് ചർച്ച നടന്നത്. താൽകാലിക തൊഴിലാളികളുടെ പ്രതിദിനം വേതനം 950 രൂപയായി കൂട്ടി. സ്ഥിരം തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നൽകുവാനും യോഗത്തിൽ തീരുമാനമായി. സിംഗിൾ ബെഡ് റൂമുള്ള ബോട്ടിൽ ഒഴികെ കുറഞ്ഞത് മൂന്ന് തൊഴിലാളികളെ നിർബന്ധമായും നിയമിക്കണം. ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ അർഹർക്ക് നൽകും. തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ നൽകാനും തീരുമാനായി. താൽകാലികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തും. കരാറിന്റെ കാലാവധി രണ്ട് വർഷമാണ്. ഇന്ന് സൂചനാപണിമുടക്ക് നടത്തുമെന്നും തുടർന്ന് 15 ദിവസത്തിന് ശേഷം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നുമായിരുന്നു തൊഴിലാളികളുടെ മുന്നറിയിപ്പ്. കേരളാ ഹൗസ് ബോട്ട് ആൻഡ് റിസോർട്ട് വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടിയുവാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.

Advertisement
Advertisement